ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് 2012-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു എന്ന വസ്തുത മറച്ചു വെച്ചുകൊണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ് ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നു.
അന്ന് പെട്രോളിയം മന്ത്രിയായിരുന്നു ജയ്പാല്‍ റെഡ്ഡി. അദ്ദേഹത്തിന് മന്ത്രിസ്ഥാനം പോയത് എന്തു കൊണ്ടാണെന്നതും ഇപ്പോള്‍ വീണ്ടും ചര്ച്ചയാകുന്നുണ്ട്.
ഗോദാവരി തടത്തിലെ എണ്ണ, പ്രകൃതിവാതക വിപണനത്തിന് പൂര്‍ണാധികാരം കിട്ടാനാണ് റിലയന്‍സ് തന്ത്രങ്ങള്‍ മെനഞ്ഞത്. ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിന് നഷ്ടപ്പെട്ടതിന്റെയും ഇപ്പോഴത്തെ ദുരവസ്ഥയുടെയും പിന്നില്‍ റിലയന്‍സിന്റെ ലാഭക്കൊതി മാത്രമായിരുന്നു. സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെ്‌ലുത്തി എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കിയതിനു പിന്നില്‍ അംബാനിയായിരുന്നു. എന്നാല്‍ മന്ത്രി ജയ്പാല്‍ റെഡ്ഡി ഇതിന് തീര്‍ത്തും എതിരായിരുന്നു. രണ്ടാം യു.പി.എ. സര്‍ക്കാരില്‍ ആദ്യ പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ആയിരുന്നു. അദ്ദേഹത്തെ റിലയന്‍സ് പാട്ടിലാക്കി, അടുത്ത സുഹൃത്താക്കിയതോടെ വഴിവിട്ട ബന്ധമായി. ഇത് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റി ആ സ്ഥാനത്ത് ജയ്പാല്‍ റെഡ്ഡിയെ നിയോഗിച്ചു. 2011-ല്‍ ചുമതലയേറ്റതു മുതല്‍ റിലയന്‍സ് റെഡ്ഡിയെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്നു. ആന്ധ്രാ തീരത്ത് ഉല്‍പാദിപ്പിക്കുന്ന റിലയന്‍സിന്റെ പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കണം എന്നതായിരുന്നു ആവശ്യം. റെഡ്ഡി വഴങ്ങിയില്ല. 2010-ല്‍ എടുത്ത തീരുമാനപ്രകാരം 2014 ഏപ്രില്‍ വരെ വില വര്‍ധിപ്പിക്കേണ്ടതില്ല എന്ന നിലപാടില്‍ റെഡ്ഡി ഉറച്ചു നിന്നു.
റിലയന്‍സ് ഇതിനു പകരം വീട്ടിയത് മറ്റൊരു വിധത്തിലായിരുന്നു. പ്രകൃതിവാതക ഉല്‍പാദനം കുറച്ചു. 54 ദശലക്ഷം മെട്രിക് ക്യുബിക് മീറ്റര് ഉല്‍പാദിപ്പിച്ചിരുന്നത് നേരെ പകുതിയാക്കി. ഇത് രാജ്യത്തെ വൈദ്യുതോല്പാദന രംഗത്ത് വലിയ കുറവാണ് ഉണ്ടാക്കിയത്. 45,000 കോടി രൂപയോളം സര്‍ക്കാരിന് നഷ്ടം വന്നേക്കാവുന്ന അവസ്ഥയാണ് സര്‍ക്കാരിനുണ്ടാക്കിയത്. ഇതോടെ റിലയന്‍സിന് അനുകൂലമായി സര്‍ക്കാരിന് തീരുമാനം എടുക്കേണ്ട സ്ഥിതിയായി. എന്നാല്‍ റെ്ഡ്ഡി വിട്ടില്ല. ആന്ധ്രയിലെ പ്രകൃതിവാതക നിര്‍മാണ ബ്ലോക്കിന്റെ ഓഡിറ്റിങ് സി.എ.ജി.യെ ഏല്‍പിക്കാന്‍ റെഡ്ഡി തീരുമാനിച്ചു. റിലയന്‍സ് ഇതിനെ ശക്തിയായി എതിര്‍ത്തു. സ്വകാര്യ സ്ഥാപനത്തിന്റെ ഓഡിറ്റ സി.എ.ജി. നടത്തരുതെന്ന് റിലയന്‍സ് വാദിച്ചു. എന്നാല്‍ ഉല്‍പാദന പങ്കാളിത്ത കരാര് പ്രകാരം സി.എ.ജി. ഓഡിറ്റ് നടത്താമെന്ന് റെഡ്ഡിയും തീരുമാനിച്ചു.
ഒടുവില്‍ സര്‍ക്കാര്‍ ‘പ്രശ്‌നം പരിഹരിച്ചത്’ മന്ത്രിയെത്തന്നെ പെട്രോളിയം വകുപ്പില്‍ നിന്നും മാറ്റിയായിരുന്നു. പിന്നെ വീരപ്പ മൊയ്‌ലി മന്ത്രിയായി. എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം കിട്ടുകയും ചെയ്തു.
2012-നു മുമ്പേ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മാത്രം ഉണ്ടാകുമായിരുന്ന നേരിയ വില വര്‍ധന ഇപ്പോള്‍ ദിനംപ്രതിയായതിനു കാരണം അന്വേഷിക്കുമ്പോള്‍ റിലയന്‍സിനെപ്പോലൊരു കോര്‍പറേറ്റിനു വേണ്ടി രാജ്യത്തെ എത്രമാത്രം അടിമപ്പെടുത്തുകയായിരുന്നു എന്നത് കോണ്‍ഗ്രസ് ഇന്ന് തിരിച്ചറിയുന്നുണ്ടോ എന്ന് അറിയില്ല. കോണ്‍ഗ്രസ് അന്ന് ചെയ്തത് നരേന്ദ്രമോദിയായിരുന്നെങ്കില്‍ എത്ര നേരത്തെ ചെയ്യുമായിരുന്നു എന്നതു മാത്രമാണ് ജനത്തിന് ചിന്തിക്കാനുള്ള ഏക വ്യത്യാസം.