ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി മൂവായിരത്തിലധികം പുതിയ തസ്തികകള്‍ ഉണ്ടാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. റാങ്ക്‌ഹോള്‍ഡര്‍മാരുടെ സമരം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം പ്രതിപക്ഷത്തിന്റെ ആരോപണമുന ഒടിക്കാന്‍ പര്യാപ്തമാകുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.
1200 തസ്തികകള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ കീഴിലും 300 തസ്തികകള്‍ ആയുഷ് വകുപ്പിനു കീഴിലുമാണ്.
മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ സൃഷ്ടിക്കും.
പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 17 തസ്തികകള്‍ സൃഷ്ടിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗാസ്ട്രോ എന്‍ററോളജി യൂണിറ്റ് ആരംഭിക്കുന്നതിന് ഒരു അസിസ്റ്റന്‍റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കും. ഇതിനാവശ്യമായ അനധ്യാപക തസ്തികകള്‍ (രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്സ്, രണ്ടാം ഗ്രേഡ് ഹോസ്പിറ്റല്‍ അറ്റന്‍റന്‍ഡ്, ഒന്നാം ഗ്രേഡ് അറ്റന്‍റന്‍ഡ്, നഴ്സിംഗ് അസിസ്റ്റന്‍റ്) സ്ഥാപനത്തിനകത്തുനിന്നു തന്നെ കണ്ടെത്തുന്നതിനോ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനോ തിരുവനന്തപുരം ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പലിന് അനുമതി നല്‍കാനും തീരുമാനിച്ചു.
35 എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ക്ക് വേണ്ടി 151 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതിനു പുറമെ 24 എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യും.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാര്‍ വരെയുള്ള ജയിലുകളില്‍ കൗണ്‍സലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും.
പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന തവനൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ പ്രവര്‍ത്തനത്തിന് 161 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷനില്‍ 22 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കും.
സംസ്ഥാനത്തെ വിവിധ അറബിക് എയ്ഡഡ് കോളേജുകളില്‍ 54 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.
സര്‍ക്കാര്‍ സംഗീത കോളേജുകളില്‍ 14 ജൂനിയര്‍ ലക്ചറര്‍ തസ്തികകളും 3 ലക്ചറര്‍ തസ്തികകളും സൃഷ്ടിക്കും.
തൃശ്ശൂര്‍ ജില്ലയിലെ മണ്ണൂത്തി സ്റ്റേറ്റ് ബയോ കണ്‍ട്രോള്‍ ലാബ് പ്രവ്ര്‍ത്തനത്തിന് 9 സ്ഥിരം തൊഴിലാളികളുടെ തസ്തികകള്‍ സൃഷ്ടിക്കും.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ 30 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 24 എണ്ണം പുതിയ തസ്തികകളാണ്. 6 തസ്തികകള്‍ റീ-ഡെസിഗ്നേറ്റ് ചെയ്യും.
കോഴിക്കോട് ഗവണ്‍മെന്‍റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ 7 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കും.
പുതുതായി ആരംഭിച്ച 28 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 100 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.
അഗ്നിരക്ഷാ വകുപ്പിനു കീഴില്‍ താനൂര്‍, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് 65 തസ്തികകള്‍ സൃഷ്ടിക്കും. ഉള്ളൂര്‍, മാവൂര്‍, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറډുള, പാലോട്, നേര്യമംഗലം എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാനും തീരുമാനിച്ചു.
മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്നതിനുള്ള പദ്ധതി പ്രകാരം 249 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 20 തസ്തികകള്‍ സൃഷ്ടിക്കും.
കോടതി ഭാഷ മലയാളമാക്കുന്നതിന് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളില്‍ മലയാളം പരിഭാഷകരുടെ 50 തസ്തികകള്‍ സൃഷ്ടിക്കും.
അഹാഡ്സ് നിര്‍ത്തലാക്കുന്നതുവരെ ജോലിയില്‍ തുടര്‍ന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 സാക്ഷരതാ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും നിയമനം നല്‍കും.
ശമ്പളം പരിഷ്കരിക്കും
ട്രാക്കോ കേബിള്‍ കമ്പനിയിലെ മാനേജീരിയല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന വികലാംഗ ക്ഷേമകോര്‍പ്പറേഷനില്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. 2017 ആഗസ്റ്റ് ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.
ഓര്‍ഡിനന്‍സ്
1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകീകരിച്ചുകൊണ്ട് കേരള പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
1953ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്റ്റീഷ്ണേഴ്സ് ആക്ടും 1914ലെ മദ്രാസ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ആക്ടും ഏകീകരിച്ചുകൊണ്ട് കേരള മെഡിക്കല്‍ പ്രാക്റ്റീഷ്ണേഴ്സ് ആക്ട് നടപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ദുരന്താഘാത സാധ്യത സംബന്ധിച്ച വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി 2016ലെ നഗര-ഗ്രാമാസൂത്രണ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക് ക്ഷേമനിധിയില്‍ അംഗമായ അഭിഭാഷക ക്ലാര്‍ക്കുമാരുടെ പ്രതിമാസ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിക്കുന്നതിന് ക്ഷേമനിധി ചട്ടങ്ങളില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചു. വിരമിക്കല്‍ ആനുകൂല്യം മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തും.
കേരളത്തില്‍ കാര്‍ഷിക സംസ്കാരത്തിന്‍റെ ഭാഗമായ കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങള്‍ തുടര്‍ന്ന് നടത്തുന്നതിന് കേന്ദ്രനിയമമായ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് ആക്ടില്‍ ഭേദഗതി വരുത്തിയ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് (കേരള ഭേദഗതി) ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ഇത് ഓര്‍ഡിനന്‍സായി വിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
കമ്മീഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചു
കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റ കാലാവധി 2021 മാര്‍ച്ച് 28 മുതല്‍ ആറു മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
അനര്‍ട്ട് പുനഃസംഘടിപ്പിക്കും
പുനരൂപയോഗ ഊര്‍ജം സംബന്ധിച്ച ദേശീയ-സംസ്ഥാന നയങ്ങള്‍ക്കനുസൃതമായി അനര്‍ട്ട് പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.
വനിതാവികസന കോര്‍പ്പറേഷനില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു.
ബസുകള്‍ക്ക് നികുതി ഇളവ്
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഐടി കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ്
കോവിഡ് മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടകയില്‍ 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന്‍റെ വാടക ഒഴിവാക്കും. ബാക്കി സ്ഥലത്തിന്‍റെ വാടകയ്ക്ക് 2020 ഏപ്രിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കില്‍ 2020-21 ലെ തുടര്‍ന്നുള്ള മാസങ്ങളില്‍ അത് ക്രമീകരിച്ച് കൊടുക്കും. 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വാടക എഴുതിത്തള്ളാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രിലില്‍ സര്‍ക്കാര്‍ ഒരു പുനരുജ്ജീവന പാക്കേജ് നടപ്പാക്കിയിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ള ഇളവുകള്‍.
കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ച് ഭാരത് മിഷന്‍ പദ്ധതിയുടെ (ഗ്രാമീണ്‍) രണ്ടാംഘട്ടം സംസ്ഥാന വിഹിതം സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പാക്കി നടപ്പാക്കാന്‍ തീരുമാനിച്ചു.
ലൈഫ് വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. 2,50,547 വീടുകള്‍ക്ക് 8.74 കോടി രൂപയാണ് മൂന്നുവര്‍ഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം.
ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
ട്രൈബല്‍ താലൂക്ക്
പാലക്കാട് ജില്ലയില്‍ അട്ടപ്പാടി ആസ്ഥാനമാക്കി ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചു.
ദീര്‍ഘകാലമായി കുടിശ്ശികയുള്ള മോട്ടോര്‍വാഹന നികുതി തവണകളായി അടയ്ക്കുന്നതിന് അനുമതി നല്‍കും.
ഓംബുഡ്സ്മാന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാനായി മുന്‍ ഹൈക്കോടതി ജഡ്ജി പി.എസ്. ഗോപിനാഥനെ നിയമിക്കാന്‍ തീരുമാനിച്ചു.
വയനാട് പാക്കേജിന്‍റെ ഭാഗമായി വയനാട്ടിലെ കാപ്പിക്കുരുവിന്‍റെ സംഭരണവും സംസ്ക്കരണവും താല്‍ക്കാലികമായി ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. സംസ്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ബ്രഹ്മഗിരി സൊസൈറ്റിക്ക് 5 കോടി രൂപ ഉടനെ നല്‍കും. കുടുംബശ്രീ മുഖേന 600 കോഫി വെന്‍ഡിംഗ് പോയന്‍റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.