മുഖ്യമന്ത്രിയെപ്പറ്റി ജാത്യധിക്ഷേപം പ്രസംഗിച്ച് ആള്‍ക്കൂട്ടത്തിന്റെ കയ്യടി വാങ്ങാന്‍ ശ്രമിച്ച കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ട് കെ. സുധാകരന്‍ വിഷയം വിവാദമായപ്പോള്‍ പാര്‍ടി ഗ്രൂപ്പിസത്തിനെ കൂട്ടുപിടിച്ച് പിന്തുണ വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങി. സി.പി.എം അല്ല കോണ്‍ഗ്രസില്‍ താന്‍ വളരാന്‍ ആഗ്രഹിക്കാത്തവരാണ് വിവാദത്തിനു പിന്നിലെന്നാണ് സുധാകരന്‍ ഇന്നലെ രാത്രി വൈകി പ്രതികരിച്ചത്. ഗ്രൂപ്പിസത്തിന്റെ ഭാഗമാക്കി മാറ്റിയാല്‍ തനിക്ക് പിന്തുണ കിട്ടുമെന്ന തന്ത്രമാണ് ഇതിനു പിന്നില്‍ എന്നു വ്യക്തമായി. താന്‍ കെ.പി.സി.സി. പ്രസിഡണ്ട് ആകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് വിവാദമുണ്ടാക്കിയവര്‍ എന്നാണ് സുധാകരന്റെ പരോക്ഷ ആരോപണം. കഴിഞ്ഞ ദിവസം പിന്തുണച്ച രമേശ് ചെന്നിത്തല പിന്നീട് വാക്കുമാറ്റി തള്ളിപ്പറഞ്ഞത് തികഞ്ഞ മര്യാദകേടാണ്. ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തന്നോട് ചോദിക്കാതെയാണ് തന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചത്. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ അപാകത ഒന്നുമില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു. ഗ്രൂപ്പിസത്തിന്റെ തണലില്‍ കെട്ടി തനിക്കെതിരായ വികാരത്തെ മറികടക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത് എന്നത് സുധാകരന്റെ പാര്‍ടി ഉന്നത നേതൃത്വത്തിനു പോലും എതിരായ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്.
ആലപ്പുഴ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്‍ ആണ് സുധാകരന്റെ ചെത്തുകാരന്‍ പരാമര്‍ശത്തിനെതിരെ ആദ്യം പാര്‍ടിക്കകത്തു നിന്നും രംഗത്തു വന്നത്. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയോ അഴിമതിയെയോ വിമര്‍ശിക്കാനാണെങ്കില്‍ അതിന് അദ്ദേഹത്തിന്റെ പിതാവോ പിതാമഹന്‍മാരോ ചെയ്ത തൊഴില്‍ പരാമര്‍ശിക്കേണ്ട് ആവശ്യമേയില്ല എന്നതാണ് കോണ്‍ഗ്രസില്‍ തന്നെ ഉയര്‍ന്നുവന്ന വിമര്‍ശനത്തിന്റെ കാതല്‍. ഏറെ നാളായി കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനത്തിനായി ചരടുവലിച്ചുകൊണ്ടിരിക്കുന്ന സുധാകരന് തന്റെ പരാമര്‍ശം തിരിച്ചടിയായി എന്ന് വ്യക്തമായതോടെയാണ് സംഗതി ഗ്രൂപ്പിസമാണെന്ന് വ്യാഖ്യാനിക്കുന്നത്. സുധാകരന്‍ കെ.പി.സി.സി. പ്രസിഡണ്ടാവുന്നതില്‍ എതിര്‍പ്പുള്ള ശക്തമായ വിഭാഗം കോണ്‍ഗ്രസിലുണ്ട് എന്നത് വസ്തുതയാണ്. അതിനു കാരണം കോണ്‍ഗ്രസിന്റെ തനതു പാരമ്പര്യം അല്ലാത്ത അക്രമാസക്തതയും വിടുവായത്തവും കെ.സുധാകരന്‍ സി.പി.എമ്മിനോട് പോരാടുന്ന ആള്‍ എന്ന തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനായി എപ്പോഴും ഉപയോഗിക്കുന്നു എന്നതാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ അടുത്ത കാലത്ത് മന്ത്രി കെ.കെ.ശൈലജയെ അധിക്ഷേപിച്ചതും മാനഭംഗക്കേസില്‍ പെടുന്ന സ്ത്രീകളെ അധിക്ഷേപിച്ചതും പിന്നീട് മാപ്പു പറയേണ്ടി വന്നതും കെ.പി.സി.സി. അധ്യക്ഷന്‍ പോലുള്ള ഉന്നത പദവിക്ക് കളങ്കമുണ്ടാക്കി എന്ന വിലയിരുത്തല്‍ പൊതുവെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കെ.സുധാകരന്റെ വിടുവായത്തം അസ്ഥാനത്തായി എന്നു മാത്രമല്ല, നിലവാരമില്ലാത്തതുമായി എന്ന വിമര്‍ശനം പാര്‍ടിക്കകത്തും പുറത്തും സുധാകരന്‍ നേരിടാന്‍ തുടങ്ങിയപ്പോഴാണ് തനിക്കെതിരെ ഗ്രൂപ്പിസമാണ് എന്ന കവചം സുധാകരന്‍ ഇന്നലെ രാത്രി വൈകി ഉപയോഗിച്ചത് എന്നാണ് നിഗമനം. വിവാദത്തിന് പിറകില്‍ സി.പി.എം. അല്ല എന്ന് സുധാകരന്‍ പ്രത്യേകം ഊന്നിപ്പറഞ്ഞതും വ്യക്തമായ ഉദ്ദേശ്യത്തോടെയാണണ്. ഇതോടെ തനിക്ക് പാര്‍ടിയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ ചാണക്യചിന്ത.