ഹാഥ്റസിലേക്കുള്ള യാത്രക്കിടയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് മാതാവിനെ കാണാൻ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേരളം സന്ദർശിക്കാൻ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത ഉത്തർപ്രദേശ് സർക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
കുടുംബാംഗങ്ങൾ, അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർ എന്നിവർ ഒഴികെ മറ്റാരുമായും സിദ്ദിഖ് കാപ്പൻ സംസാരിക്കാൻ പാടില്ല. പൊതുജനങ്ങളെ കാണുന്നതിനും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിനും വിലക്കുണ്ട്. താമസം വീട്ടിൽ ആയിരിക്കണം. അമ്മയെ കാണുമ്പോൾ പോലീസ് ഒപ്പം ഉണ്ടാകാൻ പാടില്ല. സിദ്ദിഖ് കാപ്പന്റെ സുരക്ഷ ചുമതല ഉത്തർപ്രദേശ് പോലീസിനായിരിക്കും. എന്നാൽ ഉത്തർ പോലീസ് ആവശ്യപ്പെട്ടാൽ കേരള പോലീസ് സഹായം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
കാപ്പന്റെ മാതാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാൻ ഇടയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേരള പത്ര പ്രവർത്തക യൂണിയന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് മനുഷ്യത്വപരമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമര സേനാനിയും രക്തസാക്ഷിയും എന്ന് വിശേഷിപ്പിച്ച് കാപ്പന് വേണ്ടി കേരളത്തിൽ പോസ്റ്റാറുകളും ബാനറുകളും ഉയരുന്നതായി ഉത്തർപ്രദേശ് പോലീസിന് വേണ്ടി ഹാജർ ആയ തുഷാർ മേത്ത വാദിച്ചു. കേസ് നടത്തിപ്പിന് വേണ്ടി വ്യാപകമായ പണപിരിവ് നടക്കുകയാണ്. കേരളം മുഴുവൻ കാപ്പനെ പ്രദർശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. അമ്മയുടെ ആരോഗ്യനില സംബന്ധിച്ച ഒരു മെഡിക്കൽ രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും തുഷാർ മേത്ത പറഞ്ഞു.
രോഗശയ്യയിൽ ആയിരുന്ന അമ്മയെ കാണാൻ അബ്ദുൽ നാസർ മദിനിക്ക് മുമ്പ് ഉപാധികളോടെ ജാമ്യം അനുവദിച്ച കാര്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവസാന നിമിഷങ്ങളിൽ ഒരു അമ്മയ്ക്ക് മകനെ കാണുന്നതിനെ മനുഷ്യത്വപരമായാണ് കാണേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കപ്പാൻ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് ഉത്തരവിൽ രേഖപെടുത്തണം എന്ന തുഷാർ മേത്തയുടെ ആവശ്യത്തെയും ചീഫ് ജസ്റ്റിസ് വിമർശിച്ചു.