മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജോണ്‍ബ്രിട്ടാസ് കൈരളി ടി.വി. മാനേജിങ് ഡയറക്ടറാണ്. രമണ്‍ ശ്രീവാസ്തവ വിരമിച്ച ഡി.ജി.പി.യും.
അടുത്തമാസം ഒന്നാം തീയതി മുതലാണ് ഇവരുടെ സേവനം ഒഴിവാക്കുന്നത്. പൊതുഭരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ നടത്തിയ നിയമനങ്ങളില്‍ ഒന്നായിരുന്നു മാധ്യമ ഉപദേഷ്ടാവിന്റെത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ 2016 ജൂണ്‍ മാസത്തിലായിരുന്നു ബ്രിട്ടാസിന്റെ നിയമനം. അടുത്ത വര്‍ഷം ചീഫ് സെക്രട്ടറി പദവിയില്‍ ശ്രീവാസ്തവയെയും നിയമിച്ചു. ഇരുവരും സേവനം സൗജന്യമായാണ് നല്‍കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് പ്രതിഫലം ഒന്നും കൈപ്പറ്റുന്നില്ല എന്ന്.
ഉപദേഷ്ടാക്കളുടെ നിയമനങ്ങള്‍ പൊതുവെ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ഇതിനു പുറമേ സാമ്പത്തിക ഉപദേഷ്ടാവായി അന്താരാഷ്ട്ര നാണയനിധിയുടെ മേധാവിമാരിലൊരാളും മലയാളിയുമായ ഗീതാ ഗോപിനാഥിനെ നിയമിച്ചതും വിവാദമായി. ഗീതാ ഗോപിനാഥിനെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ വലിയ വിവാദത്തില്‍ പെട്ട ഉദദ്യോഗസ്ഥനായിരുന്നു രമണ്‍ ശ്രീവസ്തവ. ഇദ്ദേഹത്തിനെതിരെ 1995-ല്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയ സി.പി.എം. തന്നെ 2017-ല്‍ ഉപദേശിയാക്കിയതിനെതിരെ വന്‍ പരിഹാസം ഉയരുകയുണ്ടായി. അന്ന് രാജ്യദ്രോഹിയായ ആള്‍ ഇപ്പോള്‍ ഉപദേശിയായി എന്നായിരുന്നു ആക്ഷേപം.
അതിനപ്പുറത്ത്, പാലക്കാട് വെടിവെപ്പു സംഭവത്തില്‍, സിറാജുന്നീസ എന്ന കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീവാസ്തവയ്ക്കുള്ള പങ്കും വലിയ ചര്‍ച്ചയായി. തനിക്ക് വേണ്ടത് മുസ്ലീങ്ങളുടെ ശവശരീരങ്ങള്‍ എന്ന് രമണ്‍ശ്രീവസ്തവ പറഞ്ഞെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ഇതും 2017-ല്‍ വീണ്ടും ചര്‍ച്ചാവിഷയമായി. എന്നാല്‍ പിണറായി വിജയനോ സി.പി.എമ്മോ ഇതില്‍ ഒട്ടും കുലുങ്ങുകയോ ഇതു സംബന്ധിച്ച് പ്രതികരിക്കുകയോ ചെയ്തില്ല.