ഉത്തര്‍ഖണ്ഡ് സംസ്ഥാനത്ത് ചമോലി ജില്ലയില്‍ ജോഷിമഠിന് സമീപം ദൗലി ഗംഗയുടെ പ്രഭവസ്ഥാനത്ത് വന്‍തോതില്‍ മഞ്ഞുമല ഇടിഞ്ഞു. ദൗലി ഗംഗാനദിയില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായിരിക്കയാണ്. പ്രളയം മൂലം അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതായി റിപ്പോര്‍ട്ട് ഉണ്ട്. റിഷിഗംഗ വൈദ്യുതി പദ്ധതി സ്ഥിതി ചെയ്യുന്ന തപോവന്‍ മേഖലയില്‍ വലിയ നാശനഷ്ടമുണ്ടായി. വൈദ്യുതി പദ്ധതിക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
വൈദ്യുത പദ്ധതി മേഖലയില്‍ ജോലി ചെയ്തിരുന്ന 100 തൊഴിലാളികളെ കാണാതായിട്ടുണ്ട്. തപോവന്‍ മേഖലയിലെ തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തപോവനില്‍ നിന്നു മാത്രം 9 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 16 പേരുടെ മൃതദേഹങ്ങള്‍ കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്.
ദൗലിഗംഗയുടെ കരയിലെ ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ രണ്ട് ടീമുകളും ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളും സ്ഥലത്തേക്ക് പോയിട്ടുണ്ട്. വ്യോമസേനയുടെ ചോപ്പര്‍ ഹെലികോപ്റ്ററുകള്‍ വൈകുന്നേരത്തോടെ എത്തുമെന്ന് ഉത്തരാഖണ്ഡ് ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.