കുങ്കുമത്തലപ്പാവ് ധരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജമ്മു-കാശ്മീരില്‍ ഒരേ സ്വരത്തില്‍ സംസാരിക്കുന്നത് കഴിഞ്ഞ ദശാബ്ദത്തില്‍ കോണ്‍ഗ്രസ് ക്ഷയിച്ചതിനെതിരെ. ഇത് പരസ്യമായ ഒരു വെല്ലുവിളിയാണ്, വിരല്‍ ചൂണ്ടുന്നത് സോണിയഗാന്ധിക്കും കുടുംബത്തിനും നേരെയാണെന്ന് വ്യക്തം. പാര്‍ടിയുടെ മെച്ചപ്പെടലിനാണ് തങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നതെന്ന് വിമത നേതാക്കള്‍ പറയുന്നു.
അതേസമയം വിമത നേതാക്കള്‍ക്കെതിരെ പ്രത്യേകിച്ച് ഗുലാംനബി ആസാദിനെതിരെ ആഞ്ഞടിച്ചുകൊണ്ടുളള ഔദ്യോഗിക പക്ഷ പ്രതികരണവുമായി മനു അഭിഷേക് സിങ്‌വി രംഗത്തെത്തി. പാര്‍ടിയെ ശക്തിപ്പെടുത്തുമെന്ന് പറയുന്ന നേതാക്കള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് സിങ്‌വി പരിഹസിച്ചു.
വിമത നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ചു നില്‍ക്കുന്ന ശശി തരൂര്‍ എം.പി. സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 23 ദേശീയ നേതാക്കള്‍ ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ കത്ത് തയ്യാറാക്കി സോണിയ ഗാന്ധിയെ ഏല്പിക്കുകയുണ്ടായി. അടിയന്തിരമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡണ്ട് ഉടനെ വേണമെന്നും കത്തില്‍ പറഞ്ഞു. ഇത് സോണിയഗാന്ധിയുടെ നേരെയുള്ള വിമതനീക്കമായി കണ്ട ദേശീയ നേതൃത്വം ഈ 23 നേതാക്കളെ തള്ളിക്കളയുകയാണുണ്ടായത്. പിന്നീട് ഇവരെ മുഖ്യധാരയില്‍ നിന്നും പതുക്കെ ഒഴിവാക്കുന്ന അവസ്ഥയും ഉണ്ടായി. സീനിയര്‍ നേതാവ് ഗുലാംനബി ആസാദ് രാജ്യസഭയില്‍ നിന്നും വിടവാങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഒന്നും മിണ്ടിയില്ല. അദ്ദേഹത്തെ സ്വതന്ത്രനായി വിട്ടതു പോലെയാണ് തോന്നിപ്പിച്ചത്. ഇതെല്ലാം നല്‍കുന്ന ദുസ്സൂചനകള്‍ക്കെതിരെയാണ് ഗുലാം നബിയുടെ തട്ടകത്തില്‍ തന്നെ വിമത നേതാക്കള് പരസ്യമായി സമ്മേളിച്ചത്. ശാന്തിസമ്മേളനം എന്നാണ് ഈ ഒത്തുചേരലിന് പേരിട്ടിരിക്കുന്നത്. ഇനി കളി പരസ്യമായിത്തന്നെ എന്ന സന്ദേശമാണ് ശാന്തിസമ്മേളനം നല്‍കുന്നത്.
കോണ്‍ഗ്രസ് തളര്‍ന്നുകൊണ്ടിരിക്കയാണ് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നത്- കബില്‍ സിബല്‍ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തില്‍ പാര്‍ടി തളര്‍ന്ന്ു പോയി എന്ന് ആനന്ദ് ശര്‍മയും പ്രസ്താവിച്ചു. പാര്‍ടിയെ എല്ലാതലത്തിലും ശക്തിപ്പെടുത്തണം. ഞങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ പാര്‍ടി ക്ഷയിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കാവില്ല.ഞങ്ങള്‍ ജനല്‍ പൊളിച്ചു വന്നവരല്ല.-ശര്‍മ പറഞ്ഞു.
ഗുലാം നബി ആസാദ് മുന്‍കൈയ്യെടുത്ത് വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, രാജ് ബബ്ബാര്‍, വിവേക് തന്‍ഖ എന്നിവരും പങ്കെടുക്കുന്നുണ്ട്.
ആളുകള്‍ പറയുന്നു ജി-23 എന്ന്. ഞാന്‍ പറയുന്നത് ഗാന്ധി-23 എന്നാണ്. ഗാന്ധിയുടെ ചിന്തകളില്‍ നിന്നാണ് നമ്മുടെ ഭരണഘടനയും നിയമങ്ങളും രൂപം കൊണ്ടത്. അതിനെ മുന്നോട്ടു കൊണ്ടുപോകണം. കോണ്‍ഗ്രസിനെ ശ്ക്തിപ്പെടുത്താനാണ് ജി-23—രാജ്ബബ്ബാര്‍ പ്രസംഗിച്ചു.
ഗുലാംനബി ആസാദിനെ പാര്‍ലമെന്ററി സംവിധാനങ്ങളില്‍ നിന്നും പാടെ ഒഴിവാക്കിയെന്ന തോന്നലാണ് തങ്ങള്‍ക്കുണ്ടായതെന്നും തങ്ങള്‍ അതില്‍ ദുഖിതരാണെന്നും കബില്‍ സിബല്‍ തുറന്നടിച്ചു.
രാഹുല്‍ ഗാന്ധിയുടെ വിവാദമായി മാറിയ തെക്ക്-വടക്ക് പ്രയോഗത്തിനു തൊട്ടുപിറകെയാണ് ഈ ശാന്തിസമ്മേളനം ചേരുന്നത് എന്നതും രാഹുല്‍ തന്റെ തമിഴ്‌നാട് പര്യടനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിമതരുടെ വെല്ലുവിളി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് ഉപയോഗിച്ചു എന്ന് ആരെക്കുറിച്ചാണോ വിമത നേതാവ് സൂചിപ്പിച്ചത് അദ്ദേഹം( ഗുലാം നബി ആസാദ്) ഏഴ് വട്ടം പാര്‍ലമെന്റംഗം ആയി. സോണിയ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. ഇന്ദിര അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കി. 20 സംസ്ഥാനങ്ങളുടെ ചുമതലയില്‍ പലപ്പൊളായി പ്രവര്‍ത്തിച്ച ജനറല്‍സെക്രട്ടറി പദം പാര്‍ടി നല്‍കി.–അഭിഷേക് സിങ്‌വി പറഞ്ഞു. ഗുലാംനബിക്ക് പാര്‍ടി വേണ്ടത്ര പരിഗണന നല്‍കിയില്ല എന്ന വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം നേരിടുന്നതാണ് സിങ്‌വിയുടെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്.
വിമതനീക്കങ്ങള്‍ പരസ്യമായി കൂട്ടംചേര്‍ന്ന് നടത്തിക്കൊണ്ട് നടത്തപ്പെട്ടിരിക്കുന്ന ശാന്തിസമ്മേളനം കോണ്‍ഗ്രസിലെ കലാപം മറനീക്കി പുറത്തു കൊണ്ടുവന്നിരിക്കയാണ്. രണ്ടു കല്‍പിച്ചു തന്നെയാണ് ഈ നേതാക്കളുടെ കളി. പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണ് എ്ന്ന് അറിഞ്ഞു കൊണ്ടുതന്നെ.