അനീതികള്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാല്‍ രാജ്യദ്രോഹമാക്കി മുദ്രകുത്തുന്നതിനെതിരെ നടന്‍ സലിം കുമാറി്‌ന്റെ കിടിലന്‍ ചോദ്യങ്ങള്‍…ലോകത്തിലെ വിവിധ ഭാഗങ്ങളിലെ അനീതികളില്‍ ആ രാജ്യത്തുള്ളവര്‍ക്ക് മാത്രമേ പ്രതിഷേധിക്കാവൂ എന്ന് നിയമം ഉണ്ടോ എന്നദ്ദേഹം ചോദിക്കുന്നു. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊന്നപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. അന്ന് അമേരിക്കക്കാര്‍ക്ക് നഷ്ടപ്പെടാത്ത എന്താണ് ഇന്ന് റിഹാന്നയും ഗ്രേറ്റയും പ്രതികരിച്ചപ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടത് എന്ന ചാട്ടുളി ചോദ്യം സലിംകുമാര്‍ ഉയര്‍ത്തുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലുള്ളവര്‍ പ്രകടിപ്പിച്ച് അഭിപ്രായങ്ങളോടുള്ള ശക്തമായ പ്രതികരണമാണിത്. ഇന്ത്യയിലുള്ള കാര്യത്തിന് ഇന്ത്യക്കാര്‍ മാത്രം പ്രതികരിച്ചാല്‍ മതിയെന്നും മറിച്ച് ആരെങ്കിലും ചെയ്താല്‍ അത് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ആണ് സംഘപരിവാര്‍ സര്‍ക്കാരിനെ പിന്താങ്ങിക്കൊണ്ട് സച്ചിനും ചില ബോളിവുഡ് താരങ്ങളും വ്യാഖ്യാനിച്ചത്. ഇതിനെതിരെ വന്‍ പ്രതികരണങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്.
സലിം കുമാറിന്റെറ ഫേസ് ബുക്ക് കുറിപ്പ് :
അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.
അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.