കർഷക സമരത്തെ പിന്തുണച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ക്രിമിനൽ ഗൂഢാലോചന, മതവിദ്വേഷം വളർത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പോപ്പ് ഗായിക റിയാനയുടെ ട്വീറ്റിന്റെ ചുവടുപിടിച്ച് ചൊവ്വാഴ്ചയാണ് ഗ്രേറ്റ, ‘ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്തത്.
‘താൻ ഇപ്പോഴും കർഷകരുടെ സമാധാന സമരത്തിനൊപ്പം നിൽക്കുന്നു. വെറുപ്പ്, ഭീഷണി, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവയൊന്നും ഇതിൽ മാറ്റമുണ്ടാക്കില്ല’– ഗ്രേറ്റ ട്വീറ്റ് ചെയ്തു. ഗ്രേറ്റയ്ക്കെതിരെ പൊലീസ് എഫ്ഐആർ ഇട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രതിയാക്കിയിട്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം.
