ഫെബ്രുവരി 11-ന് സെക്രട്ടറിയേറ്റിലേക്കു ഇടതുപക്ഷം സംഘടിപ്പിച്ച റാലിക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ ഗുരുതരമായി പരിക്കേറ്റ ഡി.വൈ.എഫ്.ഐ. നേതാവ് ഫരീദ് എന്ന മൊയ്ദുല്‍ ഇസ്ലാം മിദ്യ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത് ഒരിക്കല്‍ കൂടി ബംഗാള്‍ തെരുവുകളില്‍ യുവജനപ്രതിഷേധത്തിന്റെ ആവേശത്തിരയിളക്കം വിളിച്ചറിയിക്കുന്നതായി. എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ വലിയ തോതില്‍ തെരുവില്‍ ഇറങ്ങി. മിദ്യയുടെ വസതിക്കു മുന്നില്‍ വലിയ പ്രതിഷേധം അരങ്ങേറി. ഇടതു-കോണ്‍ഗ്രസ് നേതാക്കള്‍ രക്തസാക്ഷിയുടെ വീട് സന്ദര്‍ശിച്ചു.
പൊലീസ് ലാത്തിച്ചാര്‍ജ്ജിലാണ് മൊയ്ദുല്‍ ഇസ്ലാമിന് ഗുരുതരമായി പരിക്കേറ്റത്. അതാണ് മരണത്തിലേക്ക് നയിച്ചത്. ഉത്തരവാദിയായ ഉന്നത പോലീസ് ഓഫീസറെ ശിക്ഷിക്കണമെന്ന് ബംഗാള്‍ എസ്.എഫ്.ഐ. സെക്രട്ടറി സ്രിജന്‍ ഭട്ടാചാര്യ ആവശ്യപ്പെട്ടു.
ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധപരിപാടികള്‍ ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷം സജീവമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇടതുപക്ഷത്തിന് ഈ രക്തസാക്ഷിത്വം മമതയ്‌ക്കെതിരായ പ്രചാരണത്തിനുള്ള ഉണര്‍വ്വേകിയിരിക്കയാണ്.