പാണക്കാട് കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്.ഘടക കക്ഷിയുടെ നേതാവിനെ കണ്ടത് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു.
വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായം പറയുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ലീഗിനെയും ജമാഅത്തിനെയും വേര്‍തിരിച്ച് പറയേണ്ടതായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. രണ്ട് പാര്‍ട്ടികളെയും ഒരുപോലെ കാണുക എന്നത് സിപിഎമ്മിന്റെ നയമല്ല എന്ന ഓര്‍മ്മപ്പെടുത്തലും സിപിഎമ്മിന്റെ സെക്രട്ടേറിയറ്റിലുണ്ടായി.
സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല കിട്ടിയതിനു ശേഷം വിജയരാഘവന്റെ പല പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും രാഷ്ട്രീയ വിവാദമാകുകയും പാര്‍ടി തന്നെ പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്. 2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പുപ്രചാരണവേളയില്‍ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അപമാനിക്കും വിധം പൊന്നാനിയില്‍ പ്രസംഗിച്ച വിജയരാഘവന്‍ അതില്‍ ഖേദം പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. വിജയരാഘവന്റെ അവഹേളന പരാമര്‍ശം ആലത്തൂര്‍ എന്ന സി.പി.എം. കോട്ടയില്‍ രമ്യ ഹരാദാസിന്റെ വിജയം അനായാസമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്.