പുതുച്ചേരി കോണ്‍ഗ്രസില്‍ വീണ്ടും ഒരു എം.എല്‍.എ. കൂടി പുറത്തേക്ക്. കാമരാജ് നഗര്‍ എം.എല്‍.എ. ജോണ്‍ കുമാര്‍ ആണ് ചൊവ്വാഴ്ച രാജിവെച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിലുള്ള അസംതൃപ്തിയാണ് രാജിക്ക് കാരണമെന്ന് ജോണ്‍കുമാര്‍ പറഞ്ഞു. ആരോഗ്യമന്ത്രി മല്ലാഡി കൃഷ്ണ തിങ്കളാഴ്ച ട്വിറ്ററിലൂടെ തന്റെ രാജിസന്നദ്ധത അറിയിച്ചതിനു പിറകെയാണ് ജോണ്‍കുമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇതോടെ നിയമസഭയിലെ ഡി.എം.കെ.-കോണ്‍ഗ്രസ് അംഗബലം 33-ല്‍ നിന്നും 28 ആയി കുറഞ്ഞിരിക്കയാണ്.
രാഹുല്‍ ഗാന്ധി നാളെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിടാന്‍ പോണ്ടിച്ചേരിയില്‍ എത്താനിരിക്കെയാണ് വീണ്ടും പാര്‍ടിയില്‍ നിന്നും രാജി.
പുതുച്ചേരി മന്ത്രിസഭയിലെ രണ്ടാമനായി പരിഗണിക്കുന്ന കോണ്‍ഗ്രസ് നേതാവ് നമശ്ശിവായം ഉള്‍പ്പെടെ പാര്‍ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും എം.എല്‍.എ.യുടെ കൊഴിഞ്ഞുപോക്ക്. ബി.ജെ.പി. കോണ്‍ഗ്രസിനെ വിഴുങ്ങാന്‍ ചരടുവലിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പുതുച്ചേരി.