യു.ഡി.എഫിന്റെ വാതില്‍ മുഖത്തടിയേറ്റതു പോലെ അടഞ്ഞതോടെ പി.സി.ജോര്‍ജ്ജ് താന്‍ പണ്ട് ആക്ഷേപിച്ച് ഇറങ്ങിവന്ന ബി.ജെ.പി. മുന്നണിയിലേക്ക് തിരികെ ചേക്കേറാന്‍ ശ്രമം തുടങ്ങി. പേരിന് ജനപക്ഷം എന്നൊരു പാര്‍ടി ഉണ്ടെങ്കിലും അതിലെ നേതാവും അണികളും എല്ലാം പി.സി.ജോര്‍ജ്ജ് തന്നെയായതിനാല്‍ മുന്നണി മാറ്റമോ അഭിപ്രായമാറ്റമോ ഒരു വിഷമവുമില്ലാതെ എളുപ്പമാണ്.
യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് പി.സി. ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പി.സി. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും ജോര്‍ജ്ജിന് അതില്‍ താല്‍പര്യമില്ലായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എന്‍ഡിഎ എന്നത് കേരളത്തില്‍ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോര്‍ജ് മുന്നണി വിടുകയും ചെയ്തു.
ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാന്‍ ജോര്‍ജ് താത്പര്യം പ്രകടിപ്പിച്ചു. ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ അനുകൂലമായി മുന്നോട്ടുപോയെങ്കിലും പെട്ടെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി വന്നത്. ജോര്‍ജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശവും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ് .