ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നേരെ തിരിച്ചുനടത്തത്തിലാണ്. നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ ബാങ്കുകളാക്കാന്‍ പോവുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നത്. സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്കിങ് യൂണിയനുകള്‍ മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കം പ്രഖ്യാപിച്ചിരിക്കയാണ്.
ഇവയില്‍ ബാങ്ക് ഓഫ് ഇന്ത്യ വലിയ ബാങ്ക് ആണ്. രാജ്യത്തെ ആറാമത്തെ വലിയ ബാങ്ക് ആണ് ഇത്. സെന്‍ട്രല്‍ ബാങ്ക് ആവട്ടെ ഏഴാമത്തെയും.

സ്വകാര്യവല്‍ക്കരണ പ്രക്രിയകള്‍ അഞ്ച്-ആറ് മാസത്തിനകം ആരംഭിക്കും. രണ്ട് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.
ബാങ്കുകള്‍ തമ്മില്‍ ലയിപ്പിച്ച് വലിയ ബാങ്കുകളാക്കി മാറ്റുക എന്ന നയമാണ് ബി.ജെ.പി.സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള വന്‍കിട ബാങ്കുകള്‍. നേരത്തെ 23 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ പലതും ലയിപ്പിച്ചാണ് വലിയ ബാങ്കുകളാക്കി മാറ്റിയത്.
സ്വകാര്യവല്‍ക്കരിക്കാനുദ്ദേശിക്കുന്ന നാല് ബാങ്കുകളിലുമുള്ള ഇടപാടുകാര്‍ക്കും അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളോ വ്യത്യാസങ്ങളോ ഒന്നും തുടര്‍ന്നു ഉണ്ടാവില്ല. എന്നാല്‍ മിനിമം ബാലന്‍സ് തുടങ്ങിയ നിബന്ധനകളില്‍ മാറ്റത്തിന് സാധ്യതയുണ്ട്. പൊതു മേഖലാ ബാങ്കുകളില്‍ മിനിമം ബാലന്‍സ് ആയിരം രൂപ മതിയെങ്കില്‍ സ്വകാര്യബാങ്കുകള്‍ക്ക് ഇത് മാറ്റം വരുത്താവുന്നതാണ്.