മൂന്ന് വിദേശ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു സംസ്ഥാനമേ ഇന്ത്യയിലുള്ളൂ–അത് പശ്ചിമബംഗാള്‍ ആണ്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവയാണ് ബംഗാളിന്റെ അയല്‍രാജ്യങ്ങള്‍. അതുകൊണ്ടു തന്നെ വിദേശികളുടെ കുടിയേറ്റവും പൗരത്വ പ്രശ്‌നവുമൊക്കെ വലിയ രാഷ്ട്രീയ വിഷയങ്ങളാക്കിയാണ് ബി.ജെ.പി. ഈ സംസ്ഥാനത്ത് ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അടിത്തറയുണ്ടാക്കുന്നത്.
ഇന്ത്യയിലെ നാലാമത്തെ വലിയ സംസ്ഥാനമായ ബംഗാളിന്റെ ജനസംഖ്യയില്‍ എഴുപത് ശതമാനത്തിലധികം ഹിന്ദുക്കളാണ് എന്നതാണ് അതിനു കാരണം.
ബംഗാള്‍ പഴയ കമ്മ്യൂണിസ്റ്റ് കോട്ടയായതിനാല്‍ അടുത്ത കാലം വരെ രാഷ്ട്രീയവിമര്‍ശകരുടെ പ്രധാന ചര്‍ച്ച് കമ്മ്യൂണിസം അവിടെ തകര്‍ന്നതെങ്ങിനെ എന്നതായിരുന്നു. ഇപ്പോ ആ ചര്‍ച്ചയ്ക്ക് ഒരു വിപണിമൂല്യവും ഇല്ലാതായിരിക്കുന്നു. പകരം തൃണമൂലിനെ തകര്‍ത്ത് ബി.ജെ.പി. ബംഗാളില്‍ അധികാരത്തില്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ എവിടെയും നടക്കുന്നത്. ദീദി-മോദി യുദ്ധത്തിന് ചൂടും ചൂരും പകര്‍ന്നു കൊണ്ട് ദിവസവും തൃണമൂലിലെ പ്രധാന നേതാക്കളെയെല്ലാം വലവീശിപ്പിടിക്കുകയാണ് ബി.ജെ.പി.
ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. ആഗ്രഹിക്കുന്നതിനു ഒരു കാരണം പലതാണ്. ബംഗ നാട്ടില്‍ ഇതുവരെ അധികാരത്തിന്റെ രുചിയറിയാന്‍ ഹിന്ദുത്വപാര്‍ടിക്ക് കഴിഞ്ഞിട്ടില്ല. ഇവിടുത്തെ ഹിന്ദുഭൂരിപക്ഷത്തെ ബി.ജെ.പി.യാക്കാന്‍ കഴിയാത്തത് അമിത്ഷായ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത്. ഇത്തവണ ബംഗാള്‍ പിടിക്കാനാവും എന്ന വിശ്വാസത്തോടെയാണ് ഷായുടെ നീക്കങ്ങള്‍.
പൗരത്വപ്രശ്‌നം ബി.ജെ.പി. അവിടെ കാര്യമായി ഉന്നയിക്കുന്നത് മുസ്ലീംവിരുദ്ധത വര്‍ധിപ്പിച്ച് ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കാം എന്ന് കണക്കു കൂട്ടിയാണ്. എന്നാല്‍ കണക്കുകള്‍ കൂട്ടുന്ന അതേ മാതിരി വിജയിക്കണം എന്നില്ല. കാരണം ബംഗാളിലെ മുസ്ലീം ജനസംഖ്യ തന്നെ. 294 നിയമസഭാ സീറ്റുകള്‍ ഉള്ളതില്‍ ഏകദേശം 100 എണ്ണത്തിലെങ്കിലും വിധി നിര്‍ണയിക്കുന്നതില്‍ മുസ്ലീം ജനസംഖ്യ നിര്‍ണായക ഘടകമാണ്. അതില്‍ത്തന്നെ 46 മണ്ഡലങ്ങളില്‍ ജനസംഖ്യയുടെ പാതിയും മുസ്ലീങ്ങളാണ്. പൗരത്വവിഷയം ഇവരെ എങ്ങിനെയാണ് സ്വാധീനിക്കുക എന്നത് കണ്ടറിയേണ്ട കാര്യമാണ്.
ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രശ്‌നം പ്ശ്ചിമബംഗാളിന്റെയും ആസ്സാമിന്റെയും എക്കാലത്തെയും ചൂടേറിയ രാഷ്ട്രീയപ്രശ്‌നം തന്നെയാണ്. ഇത്തവണ ബി.ജെ.പി. ദേശീയ നേതൃത്വം തന്നെ പ്രത്യേകം ബംഗാള്‍ പദ്ധതി തയ്യാറാക്കിയാണ് മമതയെ പുറത്താക്കാന്‍ കരുനീക്കുന്നത്. മമത കഴിഞ്ഞാല്‍ തൃണമൂലിലെ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് കേള്‍വിയുള്ള സുവേന്ദു അധികാരിയെ ഉള്‍പ്പെടെ മന്ത്രിമാരെയും എം.എല്‍.എ.മാരെയും ബി.ജെ.പി.യിലെത്തിക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞത് സ്വാഭാവികമായും മമതാ ബാനര്‍ജിയെയും പാര്ടിയെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതേസമയം ബംഗാള്‍ ബംഗാളിക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി ബംഗാളുകാരുടെ അഭിമാനമുണര്‍ത്തിയുള്ള തന്ത്രത്തിലൂടെയാണ് മമത തിരിച്ചടിക്കുന്നത്. ബംഗാള്‍ ഭരിക്കാന്‍ ഗുജറാത്തി വരേണ്ട എന്നും അവര്‍ ആക്രോശിക്കുന്നു. ബംഗാളി ഭദ്രലോക് എങ്ങിനെ ചിന്തിച്ചാലും ശരി ഇപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരായ ബംഗാളികള്‍ക്കിടയില്‍ അസാധാരണമാം വിധം സ്വാധീനമുള്ള നേതാവാണ് മമത. അതുകൊണ്ടുതന്നെ ബി.ജെ.പി. എത്ര കാടിളക്കിയാലും മേല്‍ത്തട്ടില്‍ ഒതുങ്ങുകയേ ഉള്ളൂ എന്ന അഭിപ്രായവും നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വിജയശാലിയായ തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ എന്ന് പേരെടുത്ത പ്രശാന്ത് കിഷോര്‍ കുറേക്കാലമായി ബംഗാളിലുണ്ട്–മമതയ്ക്കു വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍. ഡെല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തൂത്തു വ്യത്തിയാക്കിയതു പോലെ ഇവിടെയും ഫലിക്കുമോ എന്ന് മെയ് രണ്ടിനേ വ്യക്തമാകൂ. ഒരു കാലത്ത് സിംഹമായിരുന്നു സി.പി.എം ഇപ്പോള്‍ ബംഗാളില്‍ ഒരു തിരഞ്ഞെടുപ്പു ശക്തിയേ അല്ലാതായിരിക്കുന്നു. കോണ്‍ഗ്രസാവട്ടെ പണ്ടേ ദുര്‍ബല തന്നെ. രണ്ടു ദുര്‍ബലര്‍ അവിടെ സഖ്യത്തിലാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ബംഗാളില്‍ പ്രചാരണത്തിന് പോകാന്‍ തടസ്സമായിരിക്കുന്നത് ഈ സഖ്യം കൊണ്ടാണ്. കാരണം അദ്ദേഹം സി.പി.എമ്മിനെതിരെ ഇതേ സമയത്ത് കേരളത്തില്‍ പ്രസംഗിക്കേണ്ടിവരുന്നതു കൊണ്ടു തന്നെ!! രാഹുല്‍ കേരളത്തിലെ എം.പി. കൂടിയാണല്ലോ.!!
( ബംഗാളിലെ തിരഞ്ഞെടുപ്പുകളിലെ ബലാബലക്കണക്കുകള്‍ രണ്ടാം ഭാഗത്തില്‍….വായിക്കുക)