പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂണ്‍ബര്‍ഗിന്റെ ടൂള്‍കിറ്റ് ഡോക്കുമെന്റ് കേസില്‍ ഡെല്‍ഹി പോലീസ് കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങുകയാണ്. മുംബൈയില്‍ അഭിഭാഷകയായ മലയാളി നികിത ജേക്കബ്, മഹാരാഷ്ട്ര ബീഡ് സ്വദേശിയായ എന്‍ജിനിയര്‍ ശന്തനു എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നികിത മുന്‍കൂര്‍ ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ബംഗലുരുവില്‍ നിന്ന് ഞായറാഴ്ച അറസ്റ്റു ചെയ്ത ദിശ രവി, നികിത, ശന്തനു എന്നിവര്‍ സൂം മീറ്റിലൂടെ സംസാരിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. ജനുവരി 11-നും പിന്നീടും സംസാരിച്ചിട്ടുണ്ട്. പുനീത് എന്ന സ്ത്രീയാണ് ഈ മൂന്നുപേരെയും ഈ കൂടിക്കാഴ്ചയിലേക്ക് ചേര്‍ത്തത്. ഇതിനു ശേഷം ദിശ, നികിത, ശന്തനു എന്നിവര്‍ ചേര്‍ന്ന് ടൂള്‍കിറ്റ് തയ്യാറാക്കി എന്ന് പൊലീസ് ആരോപിക്കുന്നു. ഇതിനു പിറകില്‍ ഖാലിസ്ഥാനി അനുഭാവസംഘടനയായ കാനഡയിലെ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ ആണെന്ന ആരോപണം ഉയര്‍ത്തിയാണ് പോലീസ് ഈ സംഭവം ഒട്ടാകെയും കര്‍ഷക സമരത്തെയും ജനുവരി 26-ന്റെ ട്രാക്ടര്‍ മാര്‍ച്ചിനോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടന്ന അക്രമത്തെയും എല്ലാം ഖാലിസ്ഥാനി മൂവ്‌മെന്റ് ആയി വ്യാഖ്യാനിക്കുന്നത്.
പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അതിന്റെ നേതാവ് എം.ഒ.ധലിവാള്‍ താന്‍ ഖാലിസ്ഥാനി ആണെന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. ഇതെല്ലാം ഇണക്കിച്ചേര്‍ത്താണ് പൊലീസ് ടൂള്‍കിറ്റിന്റെ തിരക്കഥ ഉണ്ടാക്കിയത്.
എന്നു മാത്രമല്ല, കര്‍ഷക സമരം ഖാലിസ്ഥാനി മൂവ്‌മെന്റ് ആണെന്ന് വരുത്തിത്തീര്‍ക്കലും ബി.ജെ.പി. സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആത്യന്തികമായി കര്‍ഷകസമരം സദുദ്ദേശ്യപരമല്ലെന്നു സ്ഥാപിക്കാനും അത് ദേശദ്രോഹമാണെന്ന് വരുത്തിത്തീര്‍ത്ത് കരിതേയ്ക്കാനും സര്‍ക്കാരിന് തിടുക്കമുണ്ട്. ഈ കാര്യത്തിന് സഹായകമായ രീതിയിലാണ് ടൂള്‍കിറ്റ് കേസിലെ തിരക്കഥയും ഡല്‍ഹി പൊലീസ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ധലിവാളിന്റെ സംഘടനയാണ് ടൂള്‍കിറ്റ് ഉണ്ടാക്കിയത് എന്ന് പൊലീസ് ആരോപിക്കുകയാണ് ചെയ്യുന്നത്. ഇതിനായിട്ടാണ് ദിശ, നികിത, ശന്തനു എന്നിവര്‍ സൂംമീറ്റിലൂടെ പരസ്പരം കണ്ട് ആശയവിനിമയം നടത്തിയത് എന്നും പൊലീസ് പറയുന്നു. എന്നാല്‍ പൊലീസിന്റെ വ്യാഖ്യാനം മാത്രമാണ് മാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നത്.
എന്നാല്‍ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ദിശയ്‌ക്കോ നികിതയ്‌ക്കോ എന്തെങ്കിലും നേര്‍ബന്ധങ്ങളുണ്ടെന്നോ അവര്‍ തമ്മില്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഢാലോചന നടത്തിയെന്നോ തെളിയിക്കാന്‍ തക്കതായ ഒന്നും പൊലീസിന്റെ വെളിപ്പെടുത്തല്‍ ഇല്ല. ഒട്ടേറെ അനുമാനങ്ങളാണ് പൊലീസ് പങ്കുവെക്കുന്നത്. സംഭവങ്ങളെ കണ്ണി ചേര്‍ക്കുന്ന എന്ത് തെളിവാണ് ഉള്ളത് എന്നത് ഇനിയും വ്യക്തമായിട്ടില്ല.
ഡെല്‍ഹി പോലീസിലെ സൈബര്‍ സെല്ലിന്റെ ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറയുന്നത് ഇത്തരം കഥകളാണ്. ശന്തനു ദിശയുടെയും നികിതയുടെയും സുഹൃത്താണ്. ശന്തനു ഉണ്ടാക്കിയ ഇ-മെയില്‍ അക്കൗണ്ടിലൂടെയാണ് ടൂള്‍കിറ്റ് ദിശയും നികിതയും മറ്റുള്ളവരും കൈമാറിയതെന്ന് പ്രേംനാഥ് പറയുന്നു. ഗ്രേറ്റ ഷെയര്‍ ചെയ്ത് ടൂള്‍കിറ്റ് എഡിറ്റ് ചെയ്തത് ശന്തനുവും നികിതയുമാണ്. ഇവര്‍ ഒരു വാട്‌സ് ആപ് ഗ്രൂപ്പും ഉണ്ടാക്കിയെന്നും അതിലൂടെ ടൂള്‍കിറ്റ് അയച്ചുവെന്നും പൊലീസ് പറയുന്നു.
നികിത മുംബൈ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ്. ഗുര്‍ഗാവിലാണ് താമസിക്കുന്നത്. നികിതയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടില്‍ പോയെങ്കിലും അവര്‍ അവിടെ ഇല്ലായിരുന്നു. അതിനാല്‍ ദിശയെ മാത്രമാണ് പിടിക്കാന്‍ സാധിച്ചത്. നികിത മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കയാണ്.