താരസംഘടനയുടെ ആസ്ഥാനമന്ദിര ഉല്‍ഘാടനവേദിയില്‍ പുരുഷന്‍മാര്‍ മാത്രം ഇരിക്കുകയും സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവര്‍ വേദിയുടെ വശത്ത് നില്‍ക്കുകയും ചെയ്യുന്ന ഫോട്ടോ കാണിച്ചുകൊണ്ട് സംഘടനയിലെ പുരുഷമേധാവിത്വത്തെ വിമര്‍ശിച്ച് നടി പാര്‍വ്വതി തിരുവോത്ത് രംഗത്തു വന്നതിനു പിന്നാലെ മുറുപടിയുമായി രചനാ നാരായണന്‍കുട്ടിയും വന്നു.
പാര്‍വ്വതി കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പ് :


ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്കു മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്.
ഇതിന് രചനാ നാരായണന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് :

മുമ്പ് നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് മീറ്റിങിനിടെ എടുത്ത ഒരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് രചനയുടെ മറുപടി.
‘ചിലർ അങ്ങനെ ആണ്, ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ്, വേണം താനും. എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി, കഷ്ടം എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല. മറിച്ചു ഒരു കുറിപ്പിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. സെൻസ്‌ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.