അസത്യങ്ങളും തെറ്റിദ്ധാരണകളും സത്യമെന്നതു പോലെ പ്രചരിപ്പിച്ചും അബദ്ധങ്ങള്‍ വിളമ്പിയും രാഷ്ട്രീയത്തില്‍ പരിഹാസ്യനായ ബി.ജെ.പി. എം.പി.യും നടനുമായ സുരേഷ്‌ഗോപിയെ പോലെ പാര്‍ടിയില്‍ വീണ്ടും ഒരു താരോദയം. കഴിഞ്ഞ ദിവസം ബി.ജെ.പി. ദേശീയ അധ്യക്ഷനില്‍ നിന്നും അംഗത്വം സ്വീകരിച്ച സീരിയല്‍-സിനിമാ നടന്‍ കൃഷ്ണകുമാറാണ് സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് വന്‍ വിടുവായത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷകസമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ശ്രദ്ധേയരായ പല സെലിബ്രിറ്റികളും രംഗത്തു വരികയും സര്‍ക്കാരിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളില്‍ ക്രിക്കറ്റ്-സിനിമാതാരങ്ങള്‍ പരിഹാസത്തിനിരയാകുകയും ചെയത സംഭവത്തില്‍ കൃഷ്ണകുമാര്‍ ഫേസ് ബുക്കില്‍ കുറിച്ച വിചിത്രമായ മണ്ടത്തരങ്ങള്‍ ചിരിയുണര്‍ത്തുകയാണ്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക സെലിബ്രിറ്റികളെ അടിച്ചു നിശ്ശബ്ദരാക്കിയെന്നാണ് കൃഷ്ണകുമാറിന്റെ ഏറ്റവും വലിയ നിരീക്ഷണം. തിരിച്ചാണ് സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന് മനസ്സിലായിട്ടില്ല. ട്വിറ്ററില്‍ 110 ലക്ഷം ഫോളോവേഴ്‌സ് ഉള്ള പോപ്പ് ഗായിക റിഹാന്നയുടെയും പരിസ്ഥിതി രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം ഗ്രേറ്റ ട്വിന്‍ബര്‍ഗിന്റെയും ട്വിറ്റര്‍ കുറിപ്പുകള്‍ ആരോ കൂലി കൊടുത്ത് എഴുതിച്ചതാണെന്നും കൃഷ്ണകുമാര്‍ കൃത്യമായി അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്നു. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത് ഡമ്മി കര്‍ഷകരാണെന്നും യഥാര്‍ഥ കര്‍ഷകര്‍ പാടത്ത് സന്തുഷ്ടരാണെന്നും കൃഷ്ണകുമാറിന് സംശയമേയില്ല. നമ്മളോട് കളിക്കല്ലേ…മാന്തിയാല്‍ വലിച്ചു കീറും…ഇതാണ് പുതിയ ഇന്ത്യ എന്ന പഞ്ച് ഡയലോഗോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. ഇക്കാര്യത്തിലും അദ്ദേഹം സുരേഷ്‌ഗോപിയെ അനുകരിച്ചിട്ടുണ്ട്.
ആകെ എടുത്തു പറയാവുന്ന സത്യസന്ധമായ കാര്യമുള്ളത് ഈ ഡയലോഗ് ആണെന്ന് പരിഹാസം ഉയരുന്നുണ്ട്. മാന്തിയാല്‍ വലിച്ചു കീറുന്ന സംഘപരിവാര്‍ ലോകമാണ് പുതിയ ഇന്ത്യ എന്ന പരാമര്‍ശം അറിയാതെയാണെങ്കിലും വസ്തുത പറഞ്ഞുപോയതാണെന്ന് കൃഷ്ണകുമാറിനെ പരിഹസിച്ച് പൊളിച്ചടുക്കുകയാണ് സമൂഹമാധ്യമവിമര്‍ശകര്‍.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം :
ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയർ അതി ശക്തരും. നമ്മൾ ഒരു വലിയ കുടുംബമാണ്. കുടുംബത്തിൽ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു.. അവിടെയാണ് പരാചിതരായ അയവക്കകാരുടെ റോൾ..അതും ഇതുവരെ കേൾക്കാത്ത ചില “സെലിബ്രിറ്റിസിന്റെ” രംഗപ്രവേശം.കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി.. കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവർ സന്തുഷ്ടരും, അവർ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റ്റുകൾ പ്രത്യക്ഷപെട്ടു.. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിൻ തെണ്ടുക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീർന്നു..സ്പോർട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാൽ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ്