കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ചൊവ്വാഴ്ച കൊടി ഉയര്‍ത്തിയതും കര്‍ഷകരെ തിരിച്ചുവിട്ടതും താനാണെന്ന് ഒടുവില്‍ ദീപ് സിദ്ധു സമ്മതിച്ചിരിക്കുന്നു. താന്‍ തന്നെ പുറത്തു വിട്ട ഒരു വീഡിയോയിലാണ് സിദ്ധു ഈ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
മറ്റൊരു കാര്യം ദീപ് സിദ്ധുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്റെ ഇലക്ഷന്‍ കാമ്പയിനില്‍ നരേന്ദ്രമോദിയൊടൊപ്പം സിദ്ധു നില്‍ക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു. അമിത് ഷായ്‌ക്കൊപ്പമുള്ള ഫോട്ടോയും പ്രചരിക്കുന്നുണ്ട്. ഈ ഫോട്ടോകളില്‍ കാണുന്ന മറ്റൊരു മുഖം മോദിയുമായി അടുത്ത സൗഹൃദമുള്ള ഗുജറാത്തി വ്യവസായകോര്‍പ്പറേറ്റ് ആയ ഗൗതം അദാനിയുടെ മകന്റെത് ആണ് എന്ന സംശയവും ചര്‍ച്ചയാകുന്നുണ്ട്.
ഇതോടെ കര്‍ഷകപ്രക്ഷോഭത്തെ താറടിച്ചു കാണിക്കാനുള്ള ഗൂഢാലോചനയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ദീപ് സിദ്ധുവാണ് കര്‍ഷകരെ ചെങ്കോട്ടയിലേക്ക് തിരിച്ചു വിട്ട് അവിടെ കയറിപ്പോകാന്‍ പ്രേരിപ്പിച്ചത് എന്ന വിവരവും കര്‍ഷകനേതാക്കള്‍ പുറത്തു വിട്ടിരിക്കയാണിപ്പോള്‍.
ദീപു പ്രത്യേക ഉദ്ദേശ്യത്തോടെ കര്‍ഷകരുടെ കൂട്ടായ്മയില്‍ കയറിക്കൂടിയിട്ട് രണ്ടു മാസമായി. സിഖ് ഫോര്‍ ജസ്റ്റിസ്(SFJ) എന്ന സംഘടനയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് സിദ്ധുവിന് ദേശീയ അന്വേഷണ ഏജന്‍സ് നോട്ടീസ് നല്‍കിയിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ദീപ് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് വിവാദമുണ്ടാക്കിയിരുന്നു. മാത്രമല്ല ശംഭൂ മോര്‍ച്ച എന്ന പുതിയ ഒരു കര്‍ഷക സംഘടന പ്രഖ്യാപിക്കുകയും ചെയ്തു. ഖാലിസ്ഥാന്‍ അനുകൂല കേന്ദ്രങ്ങള്‍ ദീപ് സിദ്ധുവിനെ പിന്തുണച്ചിരുന്നതായും പറയുന്നു. ബി.ജെ.പി നേതാക്കള്‍ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ സമരത്തിന് സിഖ് മതവുമായുള്ള ബന്ധവും ഖലിസ്താന്‍ ബന്ധവും ആരോപിച്ചത് ദീപ് സിദ്ധുവിനെ ഉപയോഗപ്പെടുത്തിയുള്ള കളിയായിരുന്നു എന്ന് വ്യക്തമാകുകയാണ് ഇപ്പോള്‍.
കര്‍ഷകസമരത്തിനിടയില്‍ പല തവണ പ്രസംഗിക്കാന്‍ ദീപ് സിദ്ധു ശ്ര്മിച്ചിരുന്നുവെങ്കിലും ഒരിക്കല്‍ പോലും നേതാക്കള്‍ അവസരം നല്‍കിയിരുന്നില്ല. സംയുക്ത കര്‍ഷക നേതാക്കളുടെ തീരുമാനങ്ങള്‍ക്കെതിരെ ദീപ് തുടര്‍ച്ചയായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. പൊലീസുമായി ഇംഗ്ലീഷില്‍ വാഗ്വാദം നടത്തുന്ന വീഡിയോ നടന്‍ വിവേക് അഗ്നിഹോത്രി സാമൂഹ്യമാധ്യമത്തില്‍ ഇട്ടതോടെയാണ് സിദ്ധു ആള്‍ക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.
ദീപ് സിദ്ധു ആരാണ്..
പഞ്ചാബ് സിനിമാമേഖലയിലെ പോപ്പുലര്‍ മുഖമാണ് ദീപ് സിദ്ധു. പഠിച്ചത് നിയമം ആണ്. മോഡലിങിലാണ് തുടക്കം. പക്ഷേ വിജയിച്ചില്ല. പിന്നീട് ഒരു ബ്രിട്ടീഷ് സിനിമയില്‍ പ്രവര്‍ത്തിച്ചു. ബാലാജി ടെലിഫിലിമിന്റെ ലീഗല്‍ ഹെഡ് ആയും പ്രവര്‍ത്തിച്ചു. പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.