സെന്‍സര്‍ഷിപ്പ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കും വരാന്‍ പോവുകയാണോ…ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത് അടുത്ത കാലത്ത് വിവാദമായി മാറിയ വെബ്‌സീരീസ് താണ്ഡവയിലെ ചില രംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം ഇടപെട്ട് നീക്കം ചെയ്ത സംഭവമാണ്. ആദ്യമായാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഇത്തരം സെന്‍സര്‍ഷിപ്പ് വരുന്നത്.
ആമസോണില്‍ റിലീസ് ചെയ്ത താണ്ഡവയിലെ ആദ്യ എപ്പിസോഡിലെ ആദ്യസീനും എട്ടാം എപ്പിസോഡിലെ രണ്ടാം സീനും ആണ് വിവാദമായത്. ആദ്യഎപ്പിസോഡില്‍ ഹിന്ദു ദൈവമായ ശിവനെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണമാണ് ഉയര്‍ന്നത്. കോളേജിലെ ഒരു നാടകരംഗമാണ് സീന്‍. ശിവന്‍, നാരദന്‍ എന്നിവരാണ് നാടകത്തിലെ കഥാപാത്രങ്ങള്‍. ശിവനായി അഭിനയിച്ചത് സീഷാന്‍ അയൂബ് ആയിരുന്നു. ശ്രീരാമനെക്കാളും തനിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സ് കുറവാണെന്ന് ശിവന്‍ പരിതപിക്കുന്നു. ഫോളോവേഴ്‌സിനെ കൂട്ടാന്‍ എന്താണ് വേണ്ടതെന്ന് നാരദനോട് ആരായുന്നു. നാരദന്‍ നല്‍കുന്ന ഉപദേശം എന്തെങ്കിലും വിവാദമായ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യാനാണ്. അങ്ങിനെ ചെയ്താല്‍ പ്രസിദ്ധി വര്‍ധിക്കും. പിന്നീട് ശിവനും നാരദനം ചേര്‍ന്ന് സര്‍വ്വകലാശാലകളിലെ സ്വാതന്ത്ര്യമുദ്രാവാക്യത്തെപ്പറ്റിയും വിദ്യാര്‍ഥികള്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, ജാതിവിവേചനം തുടങ്ങിയവയില്‍ നിന്നുള്ള മോചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും സംസാരിക്കുന്നു. ഒടുവില്‍ ശിവന്‍ പറയുന്നത്, ഈ രാജ്യത്ത് ജീവിക്കാനാണ് സ്വാതന്ത്ര്യം വേണ്ടത് അല്ലാതെ രാജ്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല എന്നാണ്. ശിവന്‍ സംസാരിക്കുന്നത് മുഴുവന്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളുടെ വിഷയങ്ങളാണ് എന്നതാണ് വിഷയം.
രണ്ടാമത്തെ വിവാദമായ എട്ടാം എപ്പിസോഡില്‍ ജാതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണുള്ളത്. ദളിത് രാഷ്ട്രീയക്കാരനായ തന്റെ ആണ്‍സുഹൃത്തിനോട് മൃദുല എന്ന യുവതി തന്റെ മുന്‍ഭര്‍ത്താവിന്റെ ഒരു സംഭാഷണം പങ്കുവെക്കുകയാണ്. താഴ്ന്ന ജാതിയിലെ പുരുഷന്‍ ഉയര്‍ന്ന ജാതിക്കാരിയായ സ്ത്രീയുമായി ഡേറ്റിങ് നടത്തിയാല്‍ അത് ഒരു പ്രതികാരമാണ് എന്നാണ് മുന്‍ ഭര്‍ത്താവ് പറഞ്ഞതെന്ന് മൃദുല പറയുന്നു. ദളിതനായ കൈലാഷില്‍ നിന്നും മൃദുല ഗര്‍ഭിണിയാണ് എന്ന സംഗതി കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ജാതീയമായ പരാമര്‍ശം ഈ രംഗത്ത് ഉണ്ടെന്നാണ് കണ്ടെത്തല്‍.
ഈ രംഗങ്ങള്‍ക്കെതിരെ ബി.ജെ.പി.യും സംഘപരിവാറും രംഗത്തെത്തുകയും മഹാരാഷ്ട്ര, യു.പി. എന്നീ സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉണ്ടാവുകയും ചെയ്തു. വെബ്‌സീരിസിന്റെ സംവിധായകന്‍ മാപ്പ് ചോദിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും സംഘപരിവാര്‍ പിന്നോട്ടു പോയില്ല. കേന്ദ്രസര്‍ക്കാരിനും ഒരു ബി.ജെ.പി. എം.പി. പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് നടപടി.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പത്രങ്ങള്‍, ടെലിവിഷന്‍ എന്നിവയ്ക്ക് റെഗുലേഷന്‍ ഉണ്ട്. സാമൂഹ്യമാധ്യമം എന്ന വകുപ്പിലാണ് ഒ.ടി.ടി. നിലനില്‍ക്കുന്നത്. വിവാദ രംഗങ്ങള്‍ നീക്കിയെങ്കിലും നിലവിലുള്ള കേസ് എങ്ങിനെയാകും എന്ന ചോദ്യം ബാക്കിയാകുന്നു.