Categories
kerala

യു.ഡി.എഫിലേക്ക് വരാന്‍ കാത്ത് മൂന്ന് പാര്‍ടികള്‍,
ആളില്ലാ പാര്‍ടികളുടെ സീറ്റ് മോഹങ്ങള്‍…വിശദമായ അവലോകനം

നിയമസഭാ തിരഞ്ഞെടുപ്പിനായി മുഖം മിനുക്കുന്ന യു.ഡി.എഫില്‍ നടക്കുന്ന നീക്കങ്ങളെപ്പറ്റി വിശദമായ ഒരു വിലയിരുത്തല്‍ വായിക്കുക…..
കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും ദേശീയ രാഷ്ട്രീയച്ചുമതലയില്‍ നിന്നും കേരളത്തിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നത് എങ്ങിനെ സ്വാധീനിക്കും….

Spread the love

തദ്ദേശതിരഞ്ഞെടുപ്പില്‍ തോറ്റ യു.ഡി.എഫ് ഇപ്പോള്‍ സര്‍വ്വത്ര മുഖം മിനുക്കലിലാണ്. തിരക്കിട്ട പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടി സംസ്ഥാനത്ത് സജീവമാകുന്നു. കാല്‍ നൂറ്റാണ്ടു കാലം യു.ഡി.എഫ്. കുത്തകയായിരുന്ന പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പോലും ഇത്തവണ ഇടതു പക്ഷത്തിനു കിട്ടിയ സാഹചര്യത്തില്‍ അവിടുത്തെ വാര്‍ഡ് കോണ്‍ഗ്രസിന്റെ കാല്‍നട ജാഥയെ പോലും നയിച്ച് ദിവസം മുഴുവന്‍ പദയാത്ര നടത്താന്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇറങ്ങിയത് ശ്രദ്ധേയമാകുന്നു.
അഖിലേന്ത്യാ നേതൃത്വം കേരളത്തിന്റെ നേരിട്ടുള്ള ചുമതല ഏറ്റെടുക്കുന്നു. 2016-ല്‍ തോറ്റ സ്ഥാനാര്‍ഥികളെ വരെ അഭിമുഖം നടത്തി വിവരങ്ങള്‍ ആരായുന്നു. സ്ഥാനാര്‍ഥി നിര്‍ണയം അഖിലേന്ത്യാ നേതൃത്വം നേരിട്ട് ഏറ്റെടുക്കുന്നു.

thepoliticaleditor

ലീഗ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. മുന്നണിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ക്രൈസിസ് മാനജരുടെ റോളിലേക്ക് വരുന്നു. പിണറായി വിജയന്റെ ഭരണം പോരായ്മകളുണ്ടെങ്കിലും അഭിനന്ദിക്കേണ്ടതാണെന്ന് പരസ്യപ്രസ്താവന നടത്തിയ ഇ.കെ. വിഭാഗം സമസ്തയെ അനുനയിപ്പിക്കാന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ശ്രമിക്കുന്ന കാഴ്ചയും കാണുന്നു. എല്ലാക്കാലത്തും സമസ്ത ഇ.കെ. വിഭാഗം സുന്നികള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാറുള്ളതാണെങ്കിലും അവരുടെ പിണറായിയെ അഭിനന്ദിച്ച നിലപാട് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയാണിപ്പോള്‍. എ.പി.വിഭാഗം സുന്നികള്‍ നേരത്തെ തന്നെ ഇടതുപക്ഷത്തിനൊപ്പമായതിനാല്‍ ഇ.കെ.സുന്നികളുടെ കൂടി അനുഭാവം അങ്ങോട്ടു ചാഞ്ഞാല്‍ അത് ലീഗിന് കനത്ത പ്രഹരമായി മാറും എന്നത് ഉറപ്പാണ്.

ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഉണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട് ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുപക്ഷമുന്നണിയുടെ ഭാഗമായപ്പോള്‍ അത് കനത്ത നഷ്ടമായി മാറിയ യു.ഡി.എഫ്. ക്യാമ്പ് ആ നഷ്ടം പരിഹരിക്കുന്നതിനായി ക്രൈസ്തവ മതമേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്നു. വെല്‍ഫെയര്‍ പാര്‍ടി ബന്ധവും സംവരണ വിഷയത്തില്‍ ലീഗ് സ്വീകരിച്ച നയവും എല്ലാം ചേര്‍ന്ന് ക്രൈസ്തവരില്‍ മുസ്ലീം വിരുദ്ധമായ വികാരം വളര്‍ന്നിരിക്കുന്നു എന്നത് കോണ്‍ഗ്രസ് വൈകിയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ജോസ് കെ. മാണിയെ മുന്നണിയില്‍ നിന്നും അപമാനിച്ച് പുറത്താക്കിയെന്ന തോന്നലിനൊപ്പം മുസ്ലീം പ്രീണനം യു.ഡി.എഫില്‍ കൂടുതലാണെന്ന വികാരവും ക്രൈസ്തവ സമുദായങ്ങളില്‍ ശക്തമായി. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ടിയായ വെല്‍ഫെയര്‍ പാര്‍ടിയുമായി സഖ്യമുണ്ടാക്കിയത് ഈ ചിന്താഗതിക്കു കാരണമായി. സംവരണ വിഷയത്തിലുള്‍പ്പെടെ മുസ്ലീങ്ങള്‍ക്കെതിരായ വികാരം ക്രൈസ്തവരില്‍ ഉണ്ടായി. മുസ്ലീംലീഗിന് യു.ഡി.എഫില്‍ ആധിപത്യം ലഭിക്കുന്നു എന്ന തോന്നലും ശക്തമായി. ഇതെല്ലാം ചേര്‍ന്ന് യു.ഡി.എഫിന് ക്രൈസ്തവസമൂഹങ്ങളിലെ പിന്തുണയ്ക്ക് ഉടവു തട്ടിയതായി വിലയിരുത്തപ്പെട്ടു. തെറ്റിദ്ധാരണ മാറ്റി പിന്തുണ തിരിച്ചു പിടിക്കാനായി പി.കെ. കുഞ്ഞാലിക്കുട്ടി ക്രൈസ്തവ മതമേലധികാരികളെ ഓരോരുത്തരെയായി കണ്ടു സൗഹൃദസംഭാഷണം നടത്തിവരികയാണ്. ഒപ്പം, വെല്‍ഫെയര്‍ പാര്‍ടി ബന്ധം ഇനി ഒരു അടഞ്ഞ അധ്യായമാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനു പിന്നിലും ക്രൈസ്തവപിന്തുണ ശക്തമാക്കുക എന്ന തന്ത്രം ഉണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടി-ഉമ്മന്‍ചാണ്ടി അച്ചുതണ്ട് പ്രാധാന്യം നേടുന്നതോടെ, കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വ വികാരമുള്ളവരുടെ പിന്തുണ നഷ്ടമാകുമോ എ്ന്ന ആശങ്കയും കോണ്‍ഗ്രസ് തലപ്പത്ത് നിലനില്‍ക്കുന്നുണ്ട്.

ഇതിനെല്ലാം പുറമേയാണ് പുതിയ കക്ഷികളെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ യു.ഡി.എഫ്. നടത്തുന്ന നീക്കങ്ങള്‍.
ജോസ് കെ.മാണിയെ ഇടതുപക്ഷം ആകര്‍ഷിച്ചതിനു ബദലായി ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍.സി.പി.യെ ഇങ്ങോട്ടു കൊണ്ടുവരാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ ആശങ്കയാണ് എന്‍.സി.പി.യിലെ ഒരു വിഭാഗത്തിന് യു.ഡി.എഫിലേക്കുള്ള ചായ് വിന് കാരണമായിരിക്കുന്നത്. പാലാ നിലവില്‍ എന്‍.സി.പി.യുടെ സിറ്റിങ് സീറ്റാണ്. ഇത് ജോസ് കെ.മാണിക്ക് നല്‍കാന്‍ ഇടതുമുന്നണി നേരത്തെ തന്നെ രഹസ്യമായി തീരുമാനിച്ചിട്ടുണ്ടെന്ന കാര്യം പുറത്തു വന്നതോടെ പാലാ എം.എല്‍.എ. മാണി സി.കാപ്പന്‍ ഇടഞ്ഞു. പാലായുടെ ചരിത്രം തിരുത്തിയാണ് കാപ്പന്‍ എം.എല്‍.എ. ആയത്. പാലായില്‍ തന്നെ താന്‍ മല്‍സരിക്കും എന്ന് കാപ്പന്‍ ഉറപ്പിച്ചു പറയുന്നതിന്റെ അര്‍ഥം മറ്റൊന്നുമല്ല–ജോസ് കെ.മാണിക്ക് പാലാ കൊടുത്താല്‍ താന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പാലായില്‍ മല്‍സരിക്കും.!!

കാപ്പനെ മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസ് നന്നായി പ്രലോഭിപ്പിക്കുന്നുണ്ടെങ്കിലും മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ എന്‍.സി.പി.യിലുള്ള ഒരു വിഭാഗം ഇടതുമുന്നണി വിടുന്നതിനോട് കടുത്ത വിയോജിപ്പുള്ളവരാണ്. ശശീന്ദ്രന്‍ തന്റെ പ്രതിഷേധം നേരില്‍ ധരിപ്പിക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ശരദ്പവാറിനെ കാണാന്‍ പോകുകയും ചെയ്തു.
ഇതേസമയം പി.സി.ജോര്‍ജ്ജ് യു.ഡി.എഫിലേക്ക് കയറിപ്പറ്റാന്‍ കാര്യമായ നീക്കം നടത്തുന്നുണ്ട്. പാലായില്‍ താന്‍ മല്‍സരിക്കാം എന്ന് ജോര്‍ജ്ജ് പരസ്യമായി പറഞ്ഞുകഴിഞ്ഞു. മകന്‍ ഷോണ്‍ ജോര്‍ജ്ജിന് പൂഞ്ഞാര്‍ കൊടുത്ത് പാലായ്ക്ക് മാറാനുള്ള തന്ത്രമാണ് പി.സി.ജോര്‍ജ്ജിന്റെത്.

ഇതെല്ലാം ജോസ് കെ.മാണി പാലായില്‍ മല്‍സരിക്കുമോ എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇടതുമുന്നണി അത് ആലോചിച്ചിട്ടില്ല എന്നാണ് പരസ്യമായി ജോസ് പറയുന്നത്.
ജോസ് യു.ഡി.എഫ് വിട്ടതോടെ പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളും ഒപ്പം സി.എഫ്.തോമസ് മരിച്ചതോടെ ഒഴിഞ്ഞ ചങ്ങനാശ്ശേരി സീറ്റും ആര്‍ക്കാണ് നല്‍കുക എന്നത് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സീറ്റുകള്‍ നേരത്തെ മാണി വിഭാഗം കേരള കോണ്‍ഗ്രസിന്റെതായിരുന്നു. കോണ്‍ഗ്രസ് ഇവ ഏറ്റെടുക്കുമോ എന്നതാണ് ഒരു വിഷയം.
എന്‍.സി.പിയെ പിണക്കാതെ മുന്നണിയില്‍ തന്നെ നിര്‍ത്താനായി ഇടതു മുന്നണി ജോസ് കെ.മാണിയെ പാലായില്‍ നിര്‍ത്താതെ കടുത്തുരുത്തിയില്‍ മല്‍സരിപ്പിക്കും എന്ന അഭ്യൂഹവും ഉണ്ട്. അങ്ങിനെയെങ്കില്‍ മാണി സി. കാപ്പനു തന്നെ പാലാ കിട്ടുകയും എന്‍.സി.പി.യുടെ വിഷമം മാറുകയും ചെയ്യും.

പഴയ മാണി കോണ്‍ഗ്രസുകാരന്‍ പി.സി. തോമസ് ആണ് യു.ഡി.എഫിലേക്കെത്താന്‍ ശ്രമിക്കുന്ന വേറൊരു നേതാവ്. ഇപ്പോള്‍ തോമസ് എന്‍.ഡി.എ.-യില്‍ ആണ്. കേന്ദ്രസര്‍ക്കാരില്‍ എന്തെങ്കിലും സ്ഥാനങ്ങള്‍ കിട്ടുമെന്ന് ഏറെ നാളായി തോമസ് കാത്തിരിപ്പ് തുടങ്ങിയിട്ട്. റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കിട്ടുമെന്നത് ഉള്‍പ്പെടെ വിചാരിച്ച് കഴിഞ്ഞിട്ട് കാലം പോയതല്ലാതെ അവഗണന മാത്രമാണ് ഫലം. ഇനി യു.ഡി.എഫില്‍ പരീക്ഷണം നടത്താനാണ് തോമസ് ആഞ്ഞുപിടിക്കുന്നത്.
വരുന്നെങ്കില്‍ എന്‍.സി.പി. വരണം, എങ്കിലേ രാഷ്ട്രീയമായ എന്തെങ്കിലും നേട്ടം യു.ഡി.എഫിന് ഉണ്ടാകൂ എന്നതാണ് കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ച. ശരദ് പവാറിന്റെ തീരുമാനമായിരിക്കും നിര്‍ണായകമാകുക.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick