വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
2017 ജനുവരിയിലും മാര്‍ച്ചിലുമായി വാളയാറില്‍ 11, 9 വയസ്സ് പ്രായമുള്ള സഹോദരിമാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദമായിരുന്നു. മൂത്ത കുട്ടിയെ ജനവരിയിലും ഇളയ കുട്ടിയെ മാര്‍ച്ചിലും വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി പീഢിപ്പിക്കപ്പെട്ടിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ഇളയ കുട്ടിയുടെത് ആത്മഹത്യയല്ല, കൊലപാതകമാണ് എന്നും സംശയം ഉണ്ടായിരുന്നു.