കോറോം എന്ന പാര്‍ടിഗ്രാമം കണ്ണൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ വലിയൊരടയാളമാണ്. ഒരു ചെറു ചുറ്റുവട്ടത്ത് 15 ക്ഷേത്രങ്ങള്‍ ഉള്ള ഗ്രാമം. കമ്മ്യൂണിസത്തെയും വിശ്വാസത്തെയും കൈവിടാത്ത ഈ ഗ്രാമത്തിന്റെ പുത്രനായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പൂണൂല്‍ പൊട്ടിച്ചെറിയാതെ തന്നെ വിപ്ലവകാരികളുടെ സഹയാത്രികനായി 98 വയസ്സുവരെ സഞ്ചരിച്ച ശേഷം കാലത്തിന്റെ ഓര്‍മകളലേക്ക് മടങ്ങിപ്പോയിരിക്കുന്നു….
തന്റെ 74-ാം വയസ്സിലാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ ലോകം മുഴുക്കെ അറിയുന്നത്. ദേശാടനം എന്ന സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച മുത്തശ്ശന്റെ വേഷം കണ്ടവരെ മുഴുവന്‍ കണ്ണീരണിയിച്ചു. സിനിമാ അഭിനയത്തില്‍ ഒരു വിധ മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ദേശാടനത്തില്‍ തകര്‍ത്തഭിനയിച്ചു. അതു വരെ കമ്മ്യൂണിസ്റ്റ് വൃത്തങ്ങളില്‍ മാത്രം അറിഞ്ഞിരുന്ന ആ പേര് കലാലോകം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മലയാള സിനിമയിലെ നര്‍മമധുരം വിതറുന്ന മുത്തച്ഛനായി ഏറെക്കാലം ഈ നടന്‍ തിളങ്ങി. അനാരോഗ്യം അലട്ടുംവരെ ഈ അഭിനയ സപര്യ തുടര്‍ന്നു.
മലബാറില്‍ ഒട്ടേറെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെത്. സ്‌കൂള്‍ പഠനത്തിനുശേഷം അപ്രതീക്ഷിതമായി പയ്യന്നൂര്‍ ടൗണില്‍ വെച്ച് എ.കെ.ജി.യെ പരിചയപ്പെടുന്നതോടെയാണ് കമ്മ്യൂണിസ്റ്റ് ബന്ധം ആരംഭിക്കുന്നത്. പിന്നീട് എ.കെ.ജി.യുടെ സഹയാത്രക്കാരനായി. എ.കെ.ജിയുടെ പൊതുപരിപാടികളിലെല്ലാം അദ്ദേഹം നമ്പൂതിരിയെയും കൂട്ടുക പതിവായി. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സേലം ജയിലിലടയ്ക്കപ്പെട്ട എ.കെ.ജി. അവിടെ നിന്നും രക്ഷപ്പെട്ട് ഒളിച്ചുപാര്‍ക്കാനെത്തിയതും കോറോത്തെ ഇല്ലത്തേക്കു തന്നെ. കമ്മ്യൂണിസ്റ്റുകാര്‍ക്ക് വാധ്യാരില്ലം പിന്നീട് സ്ഥിരം ഒളിസങ്കേതമായി മാറി. ഇ.എം.എസ്, സി.എച്ച്. കണാരന്‍, ഇ.കെ.നായനാര്, എ.വി കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, കേരളീയന്‍, വിഷ്ണുഭാരതീയന്‍, കെ.പി.ആര്‍ സഹോദരന്‍മാരായ ഗോപാലനും രയരപ്പനും തുടങ്ങിയവരെല്ലാം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ഒത്താശയില്‍ ഇല്ലത്ത് ഒളിച്ചു പാര്‍ത്തിട്ടുണ്ട്. പേരുകേട്ട നമ്പൂതിരി കുടുംബമായതിനാല്‍ പൊലീസ് ഇല്ലത്ത് അക്രമം കാണിക്കാന്‍ മുതിര്‍ന്നില്ല. ആര്‍ക്കും ദേഹോപദ്രവം ഏല്‍ക്കേണ്ടിയും വന്നില്ല.
അടിയന്തിരാവസ്ഥയിലും പാര്‍ടി നേതാക്കള്‍ക്ക് അഭയമൊരുക്കി കോറോം ഗ്രാമവും വാധ്യാരില്ലവും കമ്മ്യൂണിസ്റ്റ് പാര്‍ടി ചരിത്രത്തിലെ അടയാളമായി മാറി. പാര്‍ടി അംഗമായില്ലെങ്കിലും അതിനെക്കാള്‍ വലിയ പാര്‍ടി കൂറ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നും മനസ്സില്‍ സൂക്ഷിച്ചു. ആ മമതയും സ്‌നേഹവും എക്കാലവും നേതാക്കള്‍ ഈ മനുഷ്യനോട് കാണിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയിലായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകം താല്‍പര്യമെടുത്ത് മികച്ച ശുശ്രൂഷ ലഭ്യമാക്കി. കൊവിഡിനെ അതിജീവിച്ചെങ്കിലും സിനിമയിലെ മുത്തച്ഛന്റെ ചിരി ഒടുവില്‍ ഓര്‍മയാകുന്നു. വാര്‍ധക്യം രണ്ടാം ശൈശവം എന്നു പറയാറുണ്ട്. അത് ശരിയെന്നു തെളിയിക്കുന്നതായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ശിശുസഹജമായ ഭാവഹാവാദികളും നിഷ്‌കളങ്കമായ ചിരിയുമെല്ലാം.
മരണം വരെ കമ്മ്യൂണിസ്റ്റ് പാര്‍ടിയെ, അതില്‍ തന്നെ സി.പി.എമ്മിന്റെ സഹയാത്രികനായി ജീവിക്കുന്നതില്‍ അഭിമാനം കൊണ്ട വ്യക്തിയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. പാര്‍ടി ഗ്രാമമായ കോറോം അതിന്റെ ചുവന്നു തുടുത്ത ചരിത്രത്തില്‍ തിളങ്ങുന്ന ലിപികളില്‍ ഈ സഹയാത്രികനായ അതുല്യകലാകാരന്റെ ഓര്‍മ എഴുതിച്ചേര്‍ക്കുക തന്നെ ചെയ്യും.