ജോ ബൈഡന്റെ തിരഞ്ഞെടുപ്പു വിജയം യു.എസ്. പാര്‍ലമെന്റ് അംഗീകരിക്കുന്ന ദിവസമായ ബുധനാഴ്ച പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ആയിരക്കണക്കിനു ട്രംപ് അനുകൂലികളായ അക്രമി സംഘം അതിക്രമിച്ചു കയറി അക്ഷരാര്‍ഥത്തില്‍ ഭീകര താണ്ഡവമാടി. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ നടന്ന അക്രമത്തില്‍ ആദ്യം അന്ധാളിച്ച കാപ്പിറ്റോള്‍ പോലീസ് പിന്നീട് അക്രമികളെ ഒന്നര മണിക്കൂര്‍ നേരത്തെ നടപടികള്‍ കൊണ്ട് തുരത്തി. പൊലീസിന്റെ വെടിയേറ്റ് നാല് പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഒരു സ്ത്രീ മരിച്ചു എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് രണ്ട് പുരുഷന്‍മാരും ഒരു കൗമരക്കാരനും വെടിയേററതായും ആശുപത്രിയില്‍ മരിച്ചതായും വിവരം പുറത്തുവന്നു.
അക്രമത്തെ തുടര്‍ന്ന് ഡോണള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെല്ലാം നീക്കിയതായി ഫേസ് ബുക്ക് സേഫ്റ്റി വിഭാഗം അറിയിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്കാണ് തടഞ്ഞിരിക്കുന്നത്.
വാഷിങ്ടണ്‍ ഡി.സി.യില്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക ഓഫീസായ വൈറ്റ് ഹൗസില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് കാപ്പിറ്റോള്‍ മന്ദിരം. ഇവിടുത്തേക്ക് ട്രംപിന്റെ ആഹ്വാനപ്രകാരമായിരുന്നു അക്രമികളുടെ മാര്‍ച്ചും പാര്‍ലമെന്റിലേക്കുള്ള കടന്നുകയറ്റവും. വേണ്ടത്ര കരുതല്‍ എടുത്തിട്ടില്ലാതിരുന്ന പൊലീസ് പിന്നീട് അക്രമികള്‍ക്കെതിരെ കണ്ണീര്‍വാതകം, കുരുമുളക് സ്‌പ്രേ എന്നിവ പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു.
ബൈഡന്റെ വിജയം ഇപ്പോഴും അംഗീകരിക്കാനാവാത്ത ട്രംപ് അനുയായികളോട് കാപ്പിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ആഹ്വാനം ചെയ്തതിന്റെ ഫലമായിരുന്നു അക്രമം.
തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കാപ്പിറ്റോള്‍ കെട്ടിടത്തിനകത്ത് അക്രമത്തിലേക്കു തിരിഞ്ഞപ്പോള്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് രംഗത്തെത്തി. അക്രമികള്‍ കാപ്പിറ്റോളില്‍ കടന്നപ്പോള്‍ സുരക്ഷാസേന ആദ്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നീട് വെടിവെപ്പും നടന്നതായാണ് കരുതുന്നത്. ജനപ്രതിനിധികളെ ഗ്യാസ് മാസ്‌കുകള്‍ ഇടുവിച്ച് കെട്ടിടത്തില്‍ നിന്നും മാറ്റി. തുടര്‍ന്നായിരുന്നു പൊലീസിന്റെ നടപടികള്‍.
പ്രതിഷേധത്തിനിടെ ഒരു സ്ത്രീക്ക് വെടിയേറ്റതായും അവര്‍ ആശുപത്രിയില്‍ മരിച്ചതായും ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.
കാപ്പിറ്റോള്‍ കെട്ടിടത്തില്‍ നിന്നും വെടിയൊച്ച കേട്ടതായും കാപ്പിറ്റോളിനു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയതായും മാധ്യമറിപ്പോര്‍ട്ടിലുണ്ട്.
വാഷിങ്ടണ്‍ ഡിസി.യില്‍ വ്യാഴാഴ്ച വൈകീട്ട് വരെ( ഇന്ത്യന്‍ സമയം) നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ട്രംപ് പിന്നീട് രംഗം കൈവിട്ടു പോയതോടെ സമാധാനം പാലിക്കാന്‍ അണികളോട് ആവശ്യപ്പെട്ടു.