ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ സിങ്ഖുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളെന്നു പറയുന്ന സംഘം എത്തിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം തുടങ്ങിയത്. കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യം മുഴക്കി. 1.45 ആയതോടെ, ഈ സംഘം കര്‍ഷകരുടെ സമരപ്പന്തലും ടെന്റും ആക്രമിച്ച് തല്ലിപ്പൊളിച്ചുകളഞ്ഞു. ഇതോടെ സംഘര്‍ഷം കനത്തു. കര്‍ഷകരും അക്രമികളും തമ്മില്‍ കല്ലേറുണ്ടായി. പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗവും നടത്തി. ഇതോടെ പൊലീസുമായും മറ്റ് രണ്ട് വിഭാഗങ്ങള്‍ സംഘര്‍ഷത്തിലായി. ആലിപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസര്‍ക്ക് പരിക്കേറ്റു. വാള്‍ കൊണ്ടുള്ള വെട്ടേറ്റാണ് പോലീസിന് പരിക്ക്.
കര്‍ഷക സമരത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ്സുകാരെ പറഞ്ഞുവിടുകയാണെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാവ് സത്‌നാം സിങ് പന്നു ആരോപിച്ചു.