ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടങ്ങിയ താണ്ഡവ് എന്ന വെബ് സീരീസിനെതിരെ സംഘപരിവാറും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളും സംഘടിതമായി നീങ്ങുമ്പോള്‍ എന്താണ് ഈ വിവാദത്തിനു പിന്നില്‍ എന്നതും വീണ്ടും ചര്‍ച്ചയാകുന്നു.
താണ്ഡവിലെ ചില രംഗങ്ങള്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതാണ് എന്ന ആരോപണമാണ് ഉയരുന്നത്. എന്താണ് അവഹേളനം. താണ്ഡവ് ഒരു പൊളിറ്റിക്കല്‍ പ്രമേയമുള്ള വെബ് സീരീസ് ആണ്. അതിലെ ഒരു നാടകസീനിലാണ് വിവാദ രംഗം. നാടകത്തിന്റെ ആഖ്യാതാവ് പരമശിവനോട് സംസാരിക്കുകയാണ്. സമൂഹിക മാധ്യമത്തില്‍ പ്രസിദ്ധി വര്‍ധിപ്പിക്കാന്‍ ശിവന്‍ എന്തെങ്കിലും ചെയ്യണം എന്നാണ് അദ്ദേഹം പരമശിവനോട് ആവശ്യപ്പെടുന്നത്. കാരണം ശ്രീരാമന്റെ പ്രശസ്തി ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. താന്‍ ഒരു പുതിയ ഡിസ്‌പ്ലേ ഫോട്ടോയുമായി പ്രത്യക്ഷപ്പെട്ടാല്‍ മതിയോ എന്ന് ശിവന്‍ ആരായുന്നു. തീര്‍ത്തും ഭാവനാത്മകമായ ഈ ആവിഷ്‌കാരത്തിനെതിരായി ബി.ജെ.പി. എം.പി. മനോജ് കോട്ടക് വാര്‍ത്താവിതരണ മന്ത്രിക്ക് കത്തെഴുതി. പരമശിവനെ അവഹേളിക്കുന്ന ഭാഗം സീരീസില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പട്ടും സംവിധായകന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടും മഹാരാഷ്ട്ര ബി.ജെ.പി. എം.എല്‍.എ. രംഗത്തു വന്നു.
ഇതിലെ മറ്റൊരു ഘടകം ഈ സീരീസിന്റെ സംവിധായകന്‍ മുസ്ലീം ആണ് എന്നതാണ്. മൊഹമ്മദ് സീഷാന്‍ അയൂബ് എന്നാണിദ്ദേഹത്തിന്റെ പേര്. ഇതോടെ ഈ കലാസൃഷ്ടിയില്‍ ഹിന്ദു ദൈവത്തെ മുസ്ലീം മതക്കാരന്‍ അവഹേളിച്ചു എന്ന ഒരു വൈകാരികത ഉണ്ടാക്കിയെടുക്കാനാണ് സംഘപരിവാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരായ നീക്കം എന്ന നിലയില്‍ ഇതിനെ പൊലിപ്പിക്കാന്‍ ദില്ലിയിലെ ബി.ജെ.പിയുടെ വിവാദനേതാവ് കപില്‍ മിശ്രയും രംഗത്തു വന്നിട്ടുണ്ട്. യു.പി. ലഖ്‌നൗ പൊലീസ് വെബ്‌സീരിസിനെതിരെ സ്വയം കേസെടുക്കുകയും അന്വേഷണത്തിനായി മുംബൈയില്‍ എത്തുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാരും വെബ് സീരീസിനെതിരെ രംഗത്തു വന്നിരിക്കയാണ്.
ഇതിനിടെ വെബ്‌സീരിസിലെ താരമായ നസെയ്ഫ് അലി ഖാനും സംഘപരിവാറിന്റെ നോട്ടപ്പുളളിയായി മാറിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഖാന് സുരക്ഷ ഏര്‍പ്പെടുത്തി. വെബ് സീരിസിന്റെ സംവിധായകന്‍ തിങ്കളാഴ്ച നിരുപാധികം മാപ്പു പറഞ്ഞെങ്കിലും സംഘപരിവാര്‍ അത് അംഗീകരിക്കാതെ കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ്.