തന്റെ എതിരാളിയായ അലെക്‌സി നവെല്‍നിയെ അറസ്റ്റ് ചെയ്ത റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്റെ നടപടിക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയരുകയാണ്. റഷ്യയില്‍ സമീപകാലത്ത് കണ്ടതില്‍ ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
109 നഗരങ്ങളില്‍ കടുത്ത ശൈത്യത്തെ അവഗണിച്ചും ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇതുവരെ 3500 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ അലെക്‌സി നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍ന്യയും ഉള്‍പ്പെടുന്നു. ശക്തമായ പൊലീസ് നടപടിയിലൂടെ പ്രതിഷേധത്തിനെതിരെ കടുത്ത നിലപാടാണ് പുടിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനം പല നഗരങ്ങളിലും തടഞ്ഞിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപകമായി പൊലീസ് നടപടിയും തുടരുന്നുണ്ട്.