സ്പീക്കര്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പ്രതിപക്ഷം തന്നെ ഇരയാവുന്ന കാഴ്ചയോടെ വാക്കൗട്ടില്‍ അവസാനിപ്പിച്ച് നിയമസഭയില്‍ യു.ഡി.എഫിന്റെ പ്രകടനം. സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സ്പീക്കര്‍ ഇതിനെ നേരിട്ടതാവട്ടെ അധ്യക്ഷ ചുമതല ഡെപ്യൂട്ടി സ്പീക്കറെ ഏല്‍പിച്ച് വെറുമൊരു എം.എല്‍.എ. എന്നപോലെ സഭയില്‍ ഇരുന്നു കൊണ്ടാണ്. നിയമസഭാ പ്രസംഗങ്ങളില്‍ തന്നെ ഉജ്ജ്വലമായ ഒന്നായിത്തീരുകയും ചെയ്തു ഇന്നത്തെ സ്പീക്കറുടെ പ്രസംഗം.
തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഒന്നൊന്നായി അരിഞ്ഞുവീഴ്ത്താന്‍ ധാരാളം രേഖകളും ഒരുക്കിവെച്ച്, പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ ഒട്ടേറെ നര്‍മ്മ കഥകളും ഖുറാന്‍ വചനങ്ങളും സിനിമാസീനുകളും പഠിച്ചുവെച്ച് വലിയ തോതില്‍ ഗൃഹപാഠം ചെയ്തുകൊണ്ടാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭയിലെത്തിയത്. വലിയ യുദ്ധ സന്നഹം തന്നെയാണ് ഒരുക്കി നിര്‍ത്തിയത്. മുഖ്യമന്ത്രിയുള്‍പ്പെടെ ഭരണപക്ഷം വലിയ പിന്തുണയുമായി പിന്നില്‍ അണിനിരന്നതോടെ യുദ്ധം കടുത്തതായി.
ഊരാളുങ്കലിനെപ്പറ്റി ആരോപിച്ച് ഒടുവില്‍ പ്രതിപക്ഷത്തെ തന്നെ വെട്ടിലാക്കാന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞു. യു.ഡി.എഫ്. ഭരണകാലത്ത് ഊരാളുങ്കലിനെ നിയമിച്ചതും ടെന്‍ഡര്‍ കൂടാതെ പണി നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരും എം.എല്‍.എ.മാരും ്കത്തയച്ചതും സ്പീക്കര്‍ രേഖകള്‍ കൊണ്ടുവന്നത് വായിച്ചതോടെ പ്രതിപക്ഷത്തിന് വാക്കുകളില്ലാതായി. ആരോപിച്ചവര്‍ തന്നെ അതിന് ഇരയായിത്തീര്‍ന്ന അവസ്ഥയായി.
ഗോഡ് ഫാദര്‍ എന്ന സിനിമയിലെ ഇന്നസെന്റിനോടാണ് ചെന്നിത്തലയെയും പ്രമേയ അവതാരകന്‍ എം.ഉമ്മറെയും സ്പീക്കര്‍ ഉപമിച്ചത്. പിതാവിനെ അടിക്കാന്‍ കഴിയാത്തതു മൂലം സഹോദരന്റെ കവിളത്തടിക്കുന്ന ഇന്നസെന്റിനെ പോലെ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ വിഭവമില്ലാത്തതിനാല്‍ സ്പീക്കറെ പ്രതിയാക്കാനുള്ള ശ്രമമാണെന്ന് വിവരിച്ചപ്പോള്‍ സഭയില്‍ ഭരണപക്ഷം കനത്ത ഡെസ്‌കിലടിയോടെ ആ മറുപടി സ്വീകരിച്ചു. ഉമ്മറിനെ ലാക്കാക്കി ഖുറാനിലെ പല വചനങ്ങളും സ്പീക്കര്‍ സമയോചിതമായി ഉന്നയിച്ചതും രസകരമായി. എം.കെ.മുനീറിനെ കലാമണ്ഡലംരാമന്‍കുട്ടി നായരുടെ കലാപ്രകടനത്തോടാണ് സ്പീക്കര്‍ ഉപമിച്ചത്. പകര്‍ന്നാട്ടം എന്ന കല ഭംഗിയായി മുനീര്‍ നിറവേററുന്നു എന്നായിരുന്നു പരിഹാസം.
ചെന്നിത്തലയെ കനത്തില്‍ പ്രഹരിച്ചുകൊണ്ടാണ് സ്പീക്കര്‍ മറുപടി തുടങ്ങിയത്. 1980-ല്‍ കെ.എസ്.യു. നേതാവായിരുന്ന കാലത്തു നിന്നും ചെന്നിത്തല ഒട്ടും വളര്‍ന്നിട്ടില്ലെന്ന വിവരണം ഭരണപക്ഷത്ത് വന്‍ ഘോഷമായിത്തീര്‍ന്നു. കടുത്ത പരിഹാസമായിരുന്നിട്ടു പോലും പ്രതിപക്ഷവും സാക്ഷാല്‍ ചെന്നിത്തലയും മിണ്ടാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് സ്പീക്കര്‍ പഠിച്ചുറപ്പിച്ച പോലെ കൃത്യമായി എല്ലാ ആരോപണങ്ങളും അരിഞ്ഞു വീഴ്ത്തി.
സ്പീക്കറുടെ മറുപടിയിലെ പ്രസക്ത ഭാഗങ്ങള്‍:
- ഇ.എം.എസ് സ്മൃതിക്ക് 82 ലക്ഷം രൂപ കൈരളി ടി.വി.യിലെ ശരതിന് നല്‍കിയെന്നത് കള്ളം.
- എഫ്.ഒ.ഡി. സംഘടിപ്പിച്ച പരിപാടിക്ക് അഞ്ച്‌കോടി കൊടുത്തു എന്ന ആക്ഷേപം…ഒരു രൂപ കൊടുത്തു എന്ന് തെളിയിച്ചാല്‍ ഈ പണി നിര്‍ത്താം.
- മറ്റന്നാള് നിയമസഭാ സമ്മേളനം ചേരാനിരിക്കെ എന്റെ പി.എ.യെ ഫോണില്‍ വിളിച്ച് നാളെ ഏറണാകുളത്ത് എത്തണമെന്നു പറഞ്ഞാല്‍ എന്ത് മര്യാദയാണ്. വരില്ല എന്ന് പറഞ്ഞിട്ടില്ല.
- പത്രങ്ങളില്‍ വരുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രതിഷേധിച്ചില്ല എന്നതു കൊണ്ട് എ്ല്ലാം സത്യമാകുമോ. അതിന് എനിക്ക് ഒഴിവില്ല. ഏതെങ്കിലും പത്രമാധ്യമങ്ങളുടെ മനോബുദ്ധിയില്‍ തെളിയുന്ന കാര്യങ്ങളുടെ പിറകെ പോയിട്ട്, കിണ്ണം കട്ടവനെ പോലെ തോ്ന്നുന്നുണ്ടോ എന്ന് ചോദിക്കുന്ന വിഢിയല്ല താന്‍. ചോദിക്കേണ്ടവര്‍ എന്നോടു ചോദിക്കട്ടെ.
- നിയമസഭാ വാര്‍ത്തകള്‍ എല്ലായിടത്തും ലഭ്യമാക്കാന്‍ ബദല്‍ മാധ്യമം കൊണ്ടുവന്നു എന്നതാണോ കുറ്റം. ഇന്ത്യയിലാദ്യമായി ഒ.ടി.ടി. പ്ലാറ്റ്‌ഫോം കൊണ്ടുവന്നതാണോ കുറ്റം.
- ലോഞ്ച് നവീകരണം,സഭാ ടി.വി. ഇതൊക്കെ സുതാര്യമായി ഒപ്പുവെച്ച കരാറിലൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. 2019 മാര്‍ച്ച് 30-നാണ് കരാര്‍ ഒപ്പുവെച്ചത്. അതിനു മുമ്പേ ആറ് കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. എല്ലാ ടെക്‌നിക്കല്‍ വെരിഫിക്കേഷനും നടത്താന്‍ കമ്മിറ്റി ഉണ്ടായിരുന്നു.
- നിയമസഭാ സാമാജികരുടെ കമ്മിറ്റി രൂപീകരിച്ചില്ല എന്ന പ്രതിപക്ഷ ആരോപണം കള്ളമാണ്.
- ലോഞ്ച് നവീകരണം തെറ്റാണെന്ന് നിങ്ങള്‍ പറയുന്നു. ഒരുകാര്യം ചോദിക്കട്ടെ. ഈ 140 ആളുകള്‍ക്ക് ഇരിക്കാനായി ഇത്രയും വലിയ നിയമസഭാമന്ദിരം ആവശ്യമുണ്ടോ. ഇത്ര ഉയരം വേണോ…ആനക്കുട്ടിക്ക് ഊഞ്ഞാലാടാനുണ്ടോ ഇവിടെ..
- പൂര്‍ത്തിയാക്കിയ പദ്ധതികളില്‍ തുക ബാക്കിയാക്കി സര്‍ക്കാരിലേക്ക് തിരിച്ചടച്ച ഇന്ത്യയിലെ ഒരേയൊരു കമ്പനിയേ കാണൂ..അത് ഊരാളുങ്കല്‍ സൊസൈറ്റി ആയിരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കോടിക്കണക്കിനു രൂപ അവര്‍ തിരിച്ചടച്ചു. ഊരാളുങ്കലിന് ടെന്‍ഡര്‍ ഒഴിവാക്കി കരാര്‍ കൊടുക്കാനാവശ്യപ്പെട്ടതില്‍ പ്രതിപക്ഷത്തു നിന്ന് എത്രപേരുണ്ടെന്നറിയാമോ…രമേശ് ചെന്നിത്തല, പ്രമേയാവതാരകന്‍ എം.ഉമ്മര്‍, എം.കെ.മുനീര്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, അബ്ദുറബ്ബ്, ഉബൈദുള്ള, ആര്യാടന്‍ മുഹമ്മദ്….( കത്തുകള്‍ വായിക്കുന്നു). ഇതൊക്കെ ശരിയായിരുന്നോ. എങ്കില്‍ നിയമസഭാ കോംപ്ലക്‌സ് നിര്‍മ്മാണം മാത്രം തെറ്റാവുന്നതെങ്ങിനെ…
- പാണക്കാട് തങ്ങള്‍ ഉല്‍ഘാടനം ചെയ്യാന്‍ പോകുന്ന ജ്വല്ലറികളുടെയെല്ലാം പിന്നില്‍ ആരൊക്കെ ആണെന്ന് മനസ്സിലാക്കിയാണോ തങ്ങള്‍ പോകാറുള്ളത്. അതുപോലെ ഒരു കാര്യത്തില്‍ എനിക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇത് ഞാന്‍ തുറന്നു പറഞ്ഞതാണ്. അതിന്റെപേരില്‍ ഈ തോന്ന്യാസം കാണിക്കുന്നത്, ഊഹാപോഹങ്ങളെ മുന്‍നിര്‍ത്തി പ്രതിയാക്കുന്നത് നിങ്ങള്‍ക്ക് ബൂമറാങ് ആവും.
- ഞാന്‍ ഒരിഞ്ച് തലകുനിക്കില്ല. ചെയ്യാത്ത തെറ്റിന് തലകുനിക്കില്ല. ഒരു വ്യക്തി രൂപപ്പെടുന്നത് ശൂന്യതയില്‍ നിന്നല്ല. കഴിഞ്ഞ 40 വര്‍ഷക്കാലത്തെ ജീവിതത്തില്‍ നിന്നാണ്. ഞാന്‍ ഉമ്മര്‍ പറഞ്ഞതു പോലെ വലിയ അന്തസ്സുള്ള കുടുംബത്തില്‍ പിറന്ന ആളൊന്നുമല്ലെങ്കിലും സാമാന്യ അന്തസ്സുള്ള കുടുംബത്തില്‍ പിറന്നയാളാണ്. മലബാര്‍ കലാപത്തില്‍ മാപ്പിളകുടിയാന്‍ കര്‍ഷകരുടെ ഒപ്പം നിന്ന് ജയിലില്‍ കിടന്ന കോണ്‍ഗ്രസ് നേതാവ് എം.പി.നാരായണ മേനോന്റെ കൂടെ പാവപ്പെട്ട കുടിയാന്‍മാര്‍ക്കായി കോടതിയില്‍ കേസ് നടത്താന്‍ നടന്ന ഒരു മാഞ്ചീരി രാമന്‍ നായരെപ്പറ്റി ഇ.എം.എസിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ആ മാഞ്ചീരി രാമന്‍നായര്‍ എന്റെ പിതാമഹന്റെ സംസ്‌കാരമാണ് എന്നില്‍ ഉള്ളത്.