കൊവിഡ് വാക്‌സിനില്‍ പന്നിയുടെ മാംസത്തില്‍ നിന്നും എടുത്ത് സംസ്‌കരിച്ച ജെലാറ്റിന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നത് ചൂണ്ടിക്കാട്ടി ചില മുസ്ലീം രാജ്യങ്ങളും ജൂത സമൂഹത്തിലെ യാഥാസ്തികവിഭാഗവും കൊവിഡ് വാക്‌സിനെ എതിര്‍ക്കുന്നതായി ലോകത്തിലെ ചില ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കാത്തലിക്ക് ക്രിസ്ത്യാനികളും എതിര്‍ക്കുന്നുണ്ട്. അതിനു കാരണം മറ്റൊന്നാണ്.–വാക്‌സിനില്‍ ഗര്‍ഭച്ഛിദ്രം നടത്തിയ ഭ്രൂണാവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എ്ന്നതാണ് അവരുടെ എതിര്‍പ്പിന് കാരണം. ഒക്ടോബറില്‍ വാക്‌സിന്‍ പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ ജെലാറ്റിന്‍ വിവാദം ഉയര്‍ന്നിരുന്നു. ഇന്‍ഡോനേഷ്യയിലും ചില അറബ് രാജ്യങ്ങളിലും ചെറിയ പ്രതിഷേധം അന്ന് ജെലാറ്റിനെതിരെ ഉയര്‍ന്നിരുന്നു.
എന്നാല്‍ യു.എ.ഇ.യിലെ പരമോന്നത മതശാസനാസംവിധാനമായ ഫത്വ കൗണ്‍സില്‍ പറയുന്ന കാര്യം വ്യത്യസ്തമാണ്. വാക്‌സിനിലെ പോര്‍ക്ക് ജെലാറ്റിന്‍ ഭക്ഷണത്തിന്റെ രൂപത്തിലുള്ളതല്ല. അത് മരുന്നാണ്. വായിലൂടെ കഴിക്കുന്നതല്ല, മറിച്ച് കുത്തിവെക്കുന്ന തരത്തിലുള്ള മരുന്നാണ്. അതിനാല്‍ അത് മതപരമായി എതിര്‍ക്കപ്പെടേണ്ടതല്ല എന്നാണ് ഫത്വ കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് വളരെ പോസിറ്റീവ് ആയ അഭിപ്രായമായി സ്വീകരിക്കപ്പെടുന്നുണ്ട്.
പോര്‍ക്ക് ജെലാറ്റിന്‍ ഉപയോഗം ഇസ്രായേലിലെ ജൂതന്‍മാരുടെ എതിര്‍പ്പും ഉയര്‍ത്തിയിട്ടുണ്ട്. ടെല്‍ അവീവിലെ മതസംഘടനകള്‍ ജെലാറ്റിന്‍ നീക്കിയ വാക്‌സിനു വേണ്ടി ആവശ്യമുന്നയിച്ചിരിക്കയാണ്.
വത്തിക്കാനിലെ രണ്ട് ബിഷപ്പുമാര്‍ കൊവിഡ് വാക്‌സിനേഷനെതിരെ രംഗത്തു വന്നിട്ടണ്ട്. ഗര്‍ഭച്ഛിദ്രം നടത്തിയ ഭ്രൂണത്തിന്റെ ടിഷ്യൂകള്‍ കൊവിഡ് വാക്‌സിനില്‍ ഉപയോഗിച്ചതിനാല്‍ വാക്‌സിന്‍ അധാര്‍മികം എന്നാണ് അവരുടെ പക്ഷം. ഇക്കാര്യത്തില്‍ വത്തിക്കാന്‍ ഇടപെട്ട് കത്തോലിക്കാ വിശ്വാസികളുടെ സംശയം മാറ്റാന്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് വാക്‌സിനില്‍ ജെലാറ്റിന്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. വാക്‌സിന്‍ ദീര്‍ഘസമയം സൂക്ഷിച്ചുവെക്കുമ്പോഴും വിതരണത്തിനിടയിലും ഗുണം സുരക്ഷിതമായിരിക്കാനാണ് ജെലാറ്റിന്‍ ഉപയോഗിക്കുന്നത്.
ജെലാറ്റിന്‍ വിരോധം ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ ഊതിപ്പെരുപ്പിച്ച് സംഘപരിവാറും രംഗത്തുണ്ട്. വാക്‌സിനെതിരെ സംസാരിക്കുന്നവര്‍ പാകിസ്താനിലേക്ക് പോവുക എന്ന മുദ്രാവാക്യം ഉത്തര്‍പ്രദേശിലെ ബി.ജെ.പി. ജനപ്രതിനിധി സംഗീത് സോം ബുധനാഴ്ച പരസ്യമായി ഉയര്‍ത്തിയത് വിവാദം ഉയര്‍ത്തിയിരിക്കയാണ്. അരവിന്ദ് കെജരിവാള്‍, അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെയും സംഗീത് സോം വിദ്വേഷപ്രസ്താവനകളുമായി ഇറങ്ങിയിട്ടുണ്ട്.