തമിഴ്‌നാട്ടിലെ ഏപ്രില്‍ മെയ്മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും ഉല്‍കണ്ഠ. തമിഴരുടെ തനതുല്‍സവമായ പൊങ്കലിന് അതിനാല്‍ എല്ലാവരും മല്‍സരിച്ച് തമിഴ്‌നാട്ടിലെത്തി. കേരളത്തിലെ എം.പി.കൂടിയായ രാഹുല്‍ഗാന്ധി മലയാളികള്‍ പോലും അറിയാതെ ഇന്നലെ തമിഴ്‌നാട്ടില്‍ വന്ന് പൊങ്കല്‍ ഉല്‍സവത്തില്‍ പങ്കെടുക്കുകയും ജല്ലിക്കെട്ട് മല്‍സരം കാണുകയും ചെയ്തു. രാഹുല്‍ മധുരയില്‍ ജെല്ലിക്കെട്ട് വീക്ഷിക്കുകയും വാര്‍ത്താസമ്മേളനത്തില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്റെ വാക്കള്‍ ുകഓര്‍ത്തുവെച്ചോളൂ…നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും എന്നാണ് രാഹുല്‍ പറഞ്ഞത്.
സംഘപരിവാറുകാരും പിന്നിലല്ല. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയും ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതും തമിഴ്‌നാട്ടിലേക്ക് കുതിച്ചെത്തി. മോഹന്‍ ഭാഗവത് ചെന്നൈയില്‍ കടമ്പാടി കോവിലില്‍ ജല്ലിക്കെട്ടു കാളയെ പൂജിക്കുകയും പൊങ്കല്‍ ഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു.
പൊങ്കല്‍ രാഷ്ട്രീയത്തിനു പിന്നില്‍ ദ്രാവിഡ പാര്‍ടികളിലെ അണികളെ കയ്യിലെടുക്കല്‍ തന്ത്രം ആണെന്നത് വ്യക്തമാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യത്തിലായിരുന്നു. കോണ്‍ഗ്രസ് ഡി.എം.കെ.യുമായും. ഇത്തവണ രജനികാന്ത് പുതിയ ആത്മീയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നതിനെ പ്രതീക്ഷയോടെയാണ് ബി.ജെ.പി. കണ്ടിരുന്നതെങ്കിലും ആരോഗ്യകാരണം പറഞ്ഞ് രജനി രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറിയത് ബി.ജെ.പി.ക്ക് മറ്റു താവളങ്ങള്‍ തന്നെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു.
കോണ്‍ഗ്രസിനാവട്ടെ ദക്ഷിണേന്ത്യയില്‍ നേരത്തെ ശക്തമായി ഉണ്ടായിരുന്ന വേരുകള്‍ നഷ്ടപ്പെടുന്നതിന്റെ ഉല്‍കണ്ഠയുണ്ട്. കേരളത്തില്‍ ഭരണം പിടിച്ചില്ലങ്കില്‍ അവര്‍ക്ക് ദക്ഷിണേന്ത്യന്‍ ഭൂപടത്തില്‍ സ്ഥാനമേ ഉണ്ടാവില്ല. തമിഴ്‌നാട്ടില്‍ ഭരിക്കുന്ന സഖ്യത്തിന്റെ ഭാഗമാകാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഡി.എം.കെ. അധികാരത്തില്‍ വരും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.