ഗാസിപ്പൂരില്‍ ഇന്നലെ രാത്രി വൈകി കര്‍ഷകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന തോന്നലുണ്ടാക്കിയ ശേഷം പൊലീസും സര്‍ക്കാരും തല്‍ക്കാലം പിന്‍വാങ്ങി. എങ്കിലും സംഘര്‍ഷപൂരിതമായ അന്തരീക്ഷം രാത്രി വൈകിയും നിലനിന്നു. അതിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് സമരവേദിക്കടുത്തുവെച്ച് ഒരാളെ തല്ലിയത് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തനിക്ക് പരിചയമില്ലാത്ത, സമരത്തില്‍ ഇല്ലാത്ത ആളാണ് സമരവേദിക്കടുത്ത് കണ്ടതെന്നും അയാള്‍ ഒരു വടിയെടുത്തത് താന്‍ കണ്ടുവെന്നു രാകേഷ് ടിക്കായത്ത് പറഞ്ഞു. തല്ല് കിട്ടിയത് ആര്‍ക്കാണെന്ന് വ്യക്തമായിട്ടില്ല.
സമരഭൂമി വിടണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി തന്നെ ജില്ലാ ഭരണകൂടം ഗാസിപ്പുരിലെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് പോലീസ് സന്നാഹം ശക്തിപ്പെടുത്തി. വൈകീട്ടോടെ സമരഭൂമിയില്‍ പ്രവേശിച്ച പോലീസ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെന്റിന് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്. വന്‍പോലീസ് സന്നാഹമായിരുന്നു ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നത്. ജില്ല മജിസ്‌ട്രേട്ട് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും പ്രദേശത്ത് എത്തിയിരുന്നു.
അതേസമയം പോലീസ് അനുവദിച്ച സമയപരിധി അവസാനിച്ചതിനു പിന്നാലെ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍നിന്നും മറ്റും നൂറുകണക്കിന് കര്‍ഷകര്‍ സമരവേദിയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. പോലീസ് നടപടിയുണ്ടായാല്‍ അതിനെ നേരിടുമെന്നും വെടിവെച്ചാലും സമരവേദിയില്‍ നിന്ന് മാറില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.