ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30-ന് അമേരിക്കയില്‍ ആ രാജ്യത്തിന് ഒരു പാട് പുതുമകള്‍ സമ്മാനിച്ച മുഹൂര്‍ത്തമായിരുന്നു. അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ട് ജോസഫ് ആര്‍. ബൈഡന്‍ എന്ന ജോ ബൈഡന്‍ 128 വര്‍ഷം പഴക്കമുള്ള ബൈബിളില്‍ തൊട്ട് പ്രതിജ്ഞ ചെയ്ത നിമിഷം. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ട് കമലാ ദേവി ഹാരിസ് അധികാരമേറ്റ നിമിഷം.
പുതിയ പ്രസിഡണ്ട് അധികാരമേല്‍ക്കുമ്പോള്‍ പിന്‍ഗാമിയുടെ സാന്നിധ്യം ആദ്യമായി ഇല്ലാതെ പോയ മുഹൂര്‍ത്തം.
സ്ഥാനാരോഹണത്തിനു ശേഷം 28 മിനുട്ട് നീണ്ട ആദ്യ പ്രസംഗത്തില്‍ രാഷ്ട്രത്തോടും ലോകത്തോടും ബൈഡന്‍ പറഞ്ഞത് എന്തൊക്കെ….വായിക്കുക.
- ജനാധിപത്യം അമൂല്യവും അതീവ മൃദുലവുമാണ്. ഇന്നത്തെ ദിവസം ഏതെങ്കിലും വ്യക്തിയുടെ വിജയദിവസമല്ല, പകരം ഒരു ആശയത്തിന്റെ വിജയദിവസമാണ്. അത് ജനാധിപത്യത്തിന്റെതാണ്. വിയോജിപ്പ് ഉണ്ടെങ്കില്‍പോലും ജനാധിപത്യം പ്രധാനമാണ്. രാജ്യത്തിന്റെ ഏറ്റവും പ്രധാന ശക്തി അതാണ്.
- ഇന്ന് ജനാധിപത്യത്തിന്റെത് മാത്രമല്ല, പ്രതീക്ഷകളുടെയും ദിവസമാണ്.
- ഒരുമയാണ് ജനാധിപത്യത്തിന്റെ ശക്തി. ഒരുമ ഇല്ലാതെ മനുഷ്യന്‍ സാധ്യമല്ല. ഭയത്തിന്റെയല്ല, പ്രത്യാശയുടെ ഗാഥ രചിക്കാം നമുക്ക് ഒരുമിച്ച് ചേര്‍ന്ന്.
- നമുക്ക് കോപം, വിദ്വേഷം, തീവ്രവാദം, അക്രമം, എന്നിവയെല്ലാം പരാജയപ്പെടുത്താം. നീതി ഉയര്‍ത്തിപ്പിടിക്കാം. വംശീയതയ്‌ക്കെതിരായ നിരന്തര പോരാട്ടത്തിലാണ് അമേരിക്ക. വിജയം എപ്പോഴും സാധ്യമല്ല. 9/11 നമ്മള്‍ കണ്ടതാണ്.
- വിയോജിപ്പ് എന്നാല്‍ അതിനര്‍ഥം യുദ്ധം എന്നല്ല. നമ്മുടെ പ്രവര്‍ത്തനത്തെ അക്രമം കൊണ്ട് നിശ്ശബ്ദമാക്കാനാവില്ല. സമാധാനം പാലിച്ചുകൊണ്ടുമാത്രമേ വിയോജിപ്പ് നിലനിര്‍ത്താവൂ. ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡണ്ട് ആയിരിക്കും– എന്നെ പിന്തുണച്ചവരുടെതെന്ന പോലെ എന്നെ പിന്തുണയ്ക്കാതിരുന്നവരുടെയും.
- ഞാന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഭയത്തിന്റെയല്ല, പ്രതീക്ഷകളുടെ പുതിയ അമേരിക്കന്‍ കഥ ഒരുമിച്ച് രചിക്കാം.
- ചില ശക്തികള്‍ നമ്മെ മാനസികമായി വിഭജിച്ചിരിക്കുന്നു എന്ന് എനിക്കറിയാം. അവയുടെ വേരുകള്‍ ആഴത്തിലുള്ളതും യഥാര്‍ഥവുമാണ്. എന്നാല്‍ അവ പുതിയ ശക്തികളല്ല. വംശീയതയുടെയും ഭയപ്പെടുത്തലിന്റെയും ആശയങ്ങള്‍ നേരത്തെയുണ്ട്. ചില അമേരിക്കക്കാരെങ്കിലും അത് ഇപ്പോഴും നടപ്പാക്കുന്നു എന്ന് എനിക്കറിയാം.
- നമ്മളിന്ന് കാപ്പിറ്റോള്‍ കുന്നിലെ മിനാരത്തിനു താഴെയാണ് നില്‍ക്കുന്നത്. നമ്മള്‍ ഒരിക്കലും പിറകോട്ടു പോയില്ല. ഇവിടെ തന്നെ നില്‍ക്കുന്നു ഇപ്പോഴും. ചുവപ്പോ നീലയോ, ഗ്രാമമോ നഗരമോ, ലിബറലോ യാഥാസ്തിതികമോ…ഇതൊന്നും നോക്കാതെ മുന്നോട്ടു തന്നെ പോകണം. അതിനു സാധിക്കണമെങ്കില്‍ നാം നമ്മുടെ ആത്മാവിലേക്ക് നോക്കണം. കാരുണ്യവും സൗഹാര്‍ദ്ദവും കൈമാറണം.