രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ഭക്ഷണം കിട്ടുന്ന ഇടം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കാന്റീന്‍ ആണെന്നത് പേരോ പേരുദോഷമോ ആയിരുന്ന കാലം ഇനി ഓര്‍മയാകും. ഭക്ഷണത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിനു മുമ്പു തന്നെ തീരുമാനം നടപ്പാകും. വര്‍ഷത്തില്‍ 17 കോടി രൂപയാണ് ഇതു വഴി ലാഭം ഉണ്ടാകുക. ചൊവ്വാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് തീരുമാനം പ്രഖ്യാപിച്ചത്.
വെറും നാല് രൂപയ്ക്ക് ചോറ് കിട്ടുന്ന സ്ഥലമായിരുന്നു പാര്‍ലമെന്റ് കാന്റീന്‍. വെജിറ്റബിള്‍ ഊണ് 35 രൂപയ്ക്കും ചിക്കന്‍ കറി 50 രൂപയ്ക്കും കിട്ടുമായിരുന്നു. ദോശയ്ക്ക് വെറും 12 രൂപ മാത്രം.
ഉയര്‍ന്ന ശമ്പളം വാങ്ങുന്ന പാര്‍ലമെന്റംഗങ്ങള്‍ക്കായി അതിഭീമമായ ഭക്ഷണ സബ്‌സിഡി നല്‍കുന്നതിനെക്കുറിച്ച് വന്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വിലയുടെ 80 ശതമാനം സബ്‌സിഡിയായിരുന്നു നല്‍കിക്കൊണ്ടിരുന്നത്. ജനതാദള്‍ എം.പി.യായ ബൈജയന്ത് ജയ്പാന്ത 2015-ല്‍ അന്നത്തെ സ്പീക്കര്‍ക്ക് സബ്‌സിഡി നിര്‍ത്തണമെന്നാവശ്യപ്പെട്ട് കത്തെഴുതിയതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ എല്‍.പി.ജി. സബ്‌സിഡി സ്വയം ഉപേക്ഷിക്കണമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെ കാന്റീനില്‍ ഇങ്ങനെ സബ്‌സിഡി നല്‍കരുതെന്ന് ബൈജയന്ത് ആവശ്യപ്പെടുകയുണ്ടായി.