Categories
exclusive

യു.ഡി.എഫ്. ഭരിക്കാന്‍ വീണ്ടും ഉമ്മന്‍ചാണ്ടി- കുഞ്ഞാലിക്കുട്ടി അച്ചുതണ്ട്

യു.ഡി.എഫിന്റെ സാധ്യതയും വെല്ലുവിളിയും സംബന്ധിച്ച വിശദമായ രാഷ്ട്രീയ വിശകലനം വായിക്കുക…

Spread the love

ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ച തീരുമാനം വളരെ തന്ത്രപരമായ ഒരു തിരിച്ചുനടത്തത്തിന്റെതും നേരത്തെ പ്രയോഗിച്ച് ഫലപ്രദമായിരുന്ന ഒരു രാസസമവാക്യത്തിന്റെയും വീണ്ടുമുള്ള അവതരണം ആയിരുന്നു എന്ന് വ്യക്തമാകുകയാണ്.

കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ കഞ്ഞാലിക്കുട്ടിയിലൂടെയും ക്രസ്ത്യന്‍ ന്യൂനപക്ഷത്തെയും ഹിന്ദു സമുദായത്തെയും ഉമ്മന്‍ചാണ്ടിയിലൂടെയും യു.ഡി.എഫിന് അനുകൂലമായി അണിനിരത്തി ഭരണം പിടിക്കാനുള്ള ചാണക്യസൂത്രമാണ് ഡെല്‍ഹിയില്‍ പിറവിയെടുത്തത്. കെ.എം. മാണിയുടെ പാര്‍ടി പോയാലും ഉമ്മന്‍ചാണ്ടി നേതൃത്വത്തില്‍ ഉണ്ടെങ്കില്‍ ക്രിസ്ത്യന്‍ മേഖലയില്‍ യു.ഡി.എഫ്. അനുഭാവം ഉണ്ടാവും എന്ന കണക്കു കൂട്ടല്‍…. കുഞ്ഞാലിക്കുട്ടി സംസ്ഥാന നേതൃത്വത്തില്‍ വന്നാല്‍ മുസ്ലീം വോട്ടു ബാങ്കില്‍ വ്യാപകമായ പിന്തുണ ഉണ്ടാക്കാമെന്ന ചിന്ത…ഒപ്പം ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്ന എന്‍.എസ്. എസ്. പിന്തുണ…ഇതെല്ലാം ചേര്‍ന്ന് 2011 ലേതിനു തുല്യമായ അന്തരീക്ഷതത്തിലേക്ക് തിരിച്ചു പോകാനാവും എന്ന അനുമാനം ആണ് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായത് എന്നു വേണം കരുതാന്‍.
കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും അവരുടെ പാര്‍ടികളുടെ ദേശീയ ജനറല്‍സെക്രട്ടറിമാരായി കേരളത്തിലെ കളി ഉപേക്ഷിച്ചിരുന്ന നിലയില്‍ നിന്നും തിരിച്ച് ഇങ്ങോട്ടു ഇറക്കുമതിയായത് മേല്‍പറഞ്ഞ കൂട്ടുകെട്ടിലൂടെ കേരള ഭരണം പിടിക്കാന്‍ വേണ്ടി തന്നെയാണെന്ന് വ്യക്തമാണ്. കുഞ്ഞാലിക്കുട്ടി വന്നയുടനെ ചെയ്ത പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്ത്യന്‍ മതമേലധ്യക്ഷരെ പോയി കണ്ട് സോപ്പിടുകയാണ് ആദ്യം അദ്ദേഹം ഏറ്റെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിന് കാരണമെന്തെന്ന് നോക്കണം.

thepoliticaleditor

അടുത്തകാലത്തായി ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് മുസ്ലീംലീഗിനോട് ചെറുതല്ലാത്ത നീരസം പുകയുന്നുണ്ട്. അതിലൊന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫില്‍ നിന്നും പുറത്താക്കിയപ്പോള്‍ വേണ്ടത്ര ഇടപെടല്‍ മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നതിലാണ്. ജോസ് കെ.മാണി പോയതോടെ ലീഗിന് യു.ഡി.എഫില്‍ പ്രധാന ന്യൂനപക്ഷപാര്‍ടി എന്ന അപ്രമാദിത്വവും വലിയ പ്രാധാന്യവും കിട്ടിയത് ചര്‍ച്ചയായി. പിണറായി നടപ്പാക്കിയ മുന്നാക്കസംവരണ വിഷയത്തിലും മറ്റും മുസ്ലീംലീഗിന്റെ നിലപാടിനോട് കടുത്ത എതിര്‍പ്പാണ് ക്രിസ്ത്യന്‍ സമുദായത്തിനുണ്ടായത്. തുര്‍ക്കിയിലെ 900 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ ദേവാലയം തയ്യിബ് എര്‍ദോഗന്‍ നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്ത് മുസ്ലീം പള്ളിയാക്കിയതിനെ ന്യായീകരിച്ച ലീഗിന്റെ നടപടിയും കേരളത്തിലെ ക്രിസ്തീയമതാനുയായികളില്‍ അമര്‍ഷം പടര്‍ത്തിയ വിഷയമാണ്. ഇതൊന്നും പരസ്യമായി കാണാനാവുകയില്ലെങ്കിലും ശക്തമായ എതിര്‍പ്പിന്റെ അന്തര്‍ധാരയായി രൂപപ്പെട്ട് വികസിച്ചു വന്നിരിക്കയായിരുന്നു. ഇത് മനസ്സിലായ കുഞ്ഞാലിക്കുട്ടി ക്രിസ്ത്യന്‍ സഭകളുമായി സൗഹാര്‍ദ്ദം തിരിച്ചു പിടിച്ച്, എതിര്‍പ്പ് അലിയിച്ചു കളയുക എന്ന ഉദ്ദേശ്യത്തിലാണ് എല്ലാ മതമേലധ്യക്ഷന്‍മാരെയും അവരുടെ അരമനകളില്‍ ചെന്നു കണ്ടതും കോണ്‍ഗ്രസിനെയും അതിന് പ്രേരിപ്പിച്ചതും. കോണ്‍ഗ്രസിന്റെ കേരള ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കുഞ്ഞാലിക്കുട്ടിയുടെ പാത പിന്‍തുടര്‍ന്നു.

രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചുകൊല്ലം പ്രതിപക്ഷനേതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും എന്‍.എസ്.എസിന്റെ അനുഭാവം പോലും നേടാനായില്ല. ഇത് ഹൈക്കമാന്‍ഡിനു മുന്നില്‍ ഉയര്‍ത്താന്‍ എന്‍.എസ്.എസ്. ശ്രമിച്ചതിന് ഫലം കണ്ടു. ഉമ്മന്‍ ചാണ്ടിയെ ആണ് അവര്‍ തിരഞ്ഞെടുത്തത്. കുഞ്ഞാലിക്കുട്ടിക്കും പ്രിയപ്പെട്ട ആള്‍ ഉമ്മന്‍ചാണ്ടിയാണ്. അവരും അത് ഹൈക്കമാന്‍ഡിനോട് തുറന്നു പറഞ്ഞു. മുന്‍ കെ.പി.സി.സി. പ്രസിഡണ്ട് കെ.മുരളീധരന്‍, ഇപ്പോഴത്തെ വര്‍ക്കിങ് പ്രസിഡണ്ടുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍സുരേഷ് തുടങ്ങിയവരും ഉമ്മന്‍ചാണ്ടിക്കു വേണ്ടിയാണ് നിലകൊണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ ചെന്നിത്തലയ്ക്ക് ഒരു തിരഞ്ഞെടുപ്പില്‍ വിജയം സമ്മാനിക്കാനുള്ള കരിസ്മ ഇല്ലെന്ന ചര്‍ച്ചയും ഉച്ചസ്ഥായിയിലായി. ജമാ-അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന് കുടപിടിച്ചതും തിരിച്ചടിയായി.

ന്യൂനപക്ഷവോട്ടുബാങ്കില്‍ ഇടതുപക്ഷത്തിനനുകൂലമായ പരിണാമം ഉണ്ടായി എന്നതാണ് യു.ഡി.എഫ്. തിരിച്ചറിഞ്ഞ കാര്യം. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുകയാണെങ്കില്‍ അവര്‍ക്ക് തുടര്‍ഭരണം ഉറപ്പാണ്. ഇപ്പുറത്താവട്ടെ അടുത്ത ഭരണം കിട്ടിയില്ലെങ്കില്‍ യു.ഡി.എഫ്. സംവിധാനത്തില്‍ വലിയ തമ്മിലടിയും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി.യിലേക്കുള്ള ഒഴുക്കും ഉറപ്പാണ്. കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കണമെങ്കില്‍ ഭരണം കിട്ടിയേ തീരൂ.

ഹൈക്കമാന്‍ഡിനാവട്ടെ ദക്ഷിണേന്ത്യയില്‍ കര്‍ണാടക ഉള്‍പ്പെടെ ബി.ജെ.പി.യുടെ കയ്യിലായ സഹചര്യത്തില്‍ കേരളം മാത്രമാണ് ദക്ഷിണേന്ത്യയിലെ പച്ചത്തുരുത്താവാന്‍ സാധ്യതയുള്ളത്. ആന്റണി, കെ.സി. വേണുഗോപാല്‍ എന്നിവരുടെ നാട്, മുന്‍ ്‌ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന സംസ്ഥാനം…ഇവിടെ കോണ്‍ഗ്രസ് തോല്‍ക്കുകയാണെങ്കില്‍ ദേശീയ തലത്തില്‍ തന്നെ ബി.ജെ.പി. അത് പ്രചാരണായുധമാക്കുകയും കോണ്‍ഗ്രസിനെ കൂടുതല്‍ നാറ്റിക്കുകയും ചെയ്യും എന്നത് ഉറപ്പാണ്. ഇതെല്ലാം കൊണ്ട് യു.ഡി.എഫിനെ ഭരണത്തിലെത്തിക്കേണ്ടത് അഭിമാനപ്രശ്‌നമാണ് സോണിയാഗാന്ധിയുടെ പാര്‍ടിക്ക്.

ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം എന്ന ഒറ്റമൂലിയിലേക്ക് നേതൃത്വം എത്തുന്നത്. ഫലത്തില്‍ ഇത് കേരളത്തിലെ യു.ഡി.എഫിന്റെ സമ്പൂര്‍ണ നേതൃത്വം ഉമ്മന്‍ചാണ്ടിയിലെത്തുന്നതിനു തുല്യമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്നും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ഒരു പോലെ എന്നൊക്കെ പുറമേ പറയുന്നുണ്ടെങ്കിലും മുന്നണി ജയിച്ചാല്‍ ആ വിജയത്തിന് അവകാശിയാവുന്ന ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരാള്‍ മുഖ്യമന്ത്രിയാവില്ല എന്ന ചിന്ത തന്നെയാണ് യു.ഡി.എഫിലെ അണികള്‍ക്കും കോണ്‍ഗ്രസിനകത്തും പ്രബലം. എ.കെ. ആന്റണിയുടെ മനസ്സിലും ഇതല്ലാതെ മറ്റൊരു തന്ത്രം ഉണ്ടാവാന്‍ വഴിയില്ല. ഐ-എ.ഗ്രൂപ്പുകളെ യോജിപ്പിക്കാനുള്ള പാലമായി ആന്റണിയെ ഹൈക്കമാന്‍ഡ് വെച്ചിരിക്കയാണ്. മുല്ലപ്പള്ളിക്ക് സീറ്റ് നല്‍കി കളത്തിലിറക്കിയ ശേഷം ഒരാള്‍ക്ക് ഒരു പദവി എന്ന ന്യായം പറഞ്ഞ് കെ.സുധാകരനെ കെ.പി.സി.സി. തല്‍ക്കാല പ്രസിഡണ്ടാക്കി സംഘടനയിലും കൂടുതല്‍ ഊര്‍ജ്ജം പ്രതിഫലിപ്പിക്കാനുള്ള നീക്കവും തന്ത്രപരം തന്നെയാണ്.

ചുരുക്കത്തില്‍ ഇടതുപക്ഷത്തിനെതിരെ മതന്യൂനപക്ഷത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം കൊയ്യുക എന്ന തന്ത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടി പുറമേ നിഷ്‌കളങ്കത നടിക്കുന്ന തന്ത്രശാലിയാണെന്ന് എല്ലാവര്‍ക്കും അറിയാം. സോളാര്‍ കേസൊന്നും ഇനി പൊക്കിക്കൊണ്ടുവന്നാലും ജനത്തിനിടയില്‍ ഏല്‍ക്കാന്‍ പോകുന്നില്ല എന്ന് ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായി അറിയാം. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ഇല്ലാതെ കിടന്ന വിവാദം ഇനിയും കരിന്തിരി കത്തുകയേ ഉള്ളൂ എന്നതു തന്നെ.

ജോസ് കെ.മാണിക്ക് നിയമസഭാ തിരഞ്ഞെടുപ്പാണ് ശരിയായ അഗ്നി പരീക്ഷ. കാരണം ക്രിസ്ത്യന്‍ന്യൂനപക്ഷത്തിന്റെ വോട്ട് പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷത്തേക്ക് തന്നെ ഉറപ്പിച്ചു നിര്‍ത്തുക എന്നതാണ് വെല്ലുവിളി. ഒപ്പം തന്റെ പാര്‍ടിയുടെ തീരുമാനം ശരിയെന്ന് തെളിയിക്കുകയും വേണം.

കുഞ്ഞാലിക്കുട്ട-ഉമ്മന്‍ചാണ്ടി-എന്‍.എസ്.എസ്. കൂട്ടുകെട്ടിനെതിരെ വിജയം നേടാന്‍ കേവലം ഉദാസീനമായ തന്ത്രങ്ങള്‍ കൊണ്ട് മതിയാവില്ല എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പുറമേക്ക് ഭാവിക്കുന്നില്ലെങ്കിലും സി.പി.എം ഇപ്പോഴത്തെ പുതിയ സാഹചര്യത്തെ ഗൗരവത്തില്‍ തന്നെയാണ് വീക്ഷിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും ഫലപ്രദമായ ക്ഷേമപ്രവര്‍ത്തനങ്ങളും ദുരന്തങ്ങള്‍ നേരിട്ട രീതിയുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അനുഭാവം അടിസ്ഥാനതലത്തില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമായി. വിവാദങ്ങളുടെ അലകടലിനെ കരുത്തോടെ മുറിച്ചു കടക്കാനായി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂഡും വോട്ടിങ് പാറ്റേണും തീര്‍ച്ചയായും വ്യത്യസ്തമാണ്. തൊട്ടറിയാത്ത സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുന്ന നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാദേശികസഹായ വൈകാരികതയ്ക്കും വ്യക്തിബന്ധങ്ങള്‍ക്കും ഉള്ള സ്ഥാനത്തെക്കാള്‍ മറ്റു രാഷ്ട്രീയചര്‍ച്ചകളാണ വിജയസൂചിക. ബി.ജെ.പി.ക്കെതിരെ ശക്തമായി നില്‍ക്കുന്ന പക്ഷം എന്ന വലിയ മികവ് കേരളത്തിലെ ന്യൂനപക്ഷത്തെ സ്വാധീനിക്കുകയാണെങ്കില്‍ വീണ്ടും കേരളത്തില്‍ ഇടതുപക്ഷത്തിന് വോട്ടുനേട്ടമുണ്ടാകും.

അതേസമയം ഈ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ നീക്കങ്ങള്‍ ഇടതു-വലതു മുന്നണിയുടെ വിജയത്തെ വലിയ രീതിയില്‍ തിരിച്ചുവിടും എന്നുറപ്പാണ്. മുഖ്യശത്രുവായ ഇടതു പക്ഷം വരാതിരിക്കലാണോ അതോ ദേശീയതലത്തില് തന്നെ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്, മുസ്ലീംവിരോധത്തിന് സഹായം ചെയ്യലാണോ ഇത്തവണ ബി.ജെ.പി.അണികളില്‍ നിന്നും ഉണ്ടാവുക എന്നത് പ്രധാനമാണ്. ഏതാനും സീറ്റുകളില്‍ ബി.ജെ.പി.ക്ക് വിജയിക്കാന്‍ അവസരം നല്‍കിക്കൊണ്ട് മറ്റു സീറ്റുകളില്‍ വോട്ടുസഹായം സ്വീകരിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. രഹസ്യസഖ്യം ഉണ്ടാക്കാന്‍ ചെന്നിത്തല തയ്യാറാവുകയാണെങ്കില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയിലേക്കാണത് നയിക്കുക. ബി.ജെ.പി.ക്കാവട്ടെ ഈ കച്ചവടത്തില്‍ നഷ്ടം ഉണ്ടാവുകയോ വിമര്‍ശനം ഉയരുകയോ ചെയ്യില്ല എന്ന ഗുണമുണ്ട്. കോണ്‍ഗ്രസിനകത്ത് ധാരാളം മൃദുഹിന്ദുത്വം ഉള്ളതു കൊണ്ട് അത്തരം ബാന്ധവം എളുപ്പവുമാണ്. ഇടതുപക്ഷം കരുതിയിരിക്കേണ്ട ഒരു വോട്ടുസഖ്യവും ഇതു ത്‌ന്നെയാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick