മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട എണ്‍പത് വയസുകാരന്‍ പൊടിയന്റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയെന്ന് സൂചന നല്‍കി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പൊടിയന്‍ മരിച്ച സംഭവത്തില്‍ മകന്‍ റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഏറെ ദിവസം പൊടിയന്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ എല്ലാം ചുരുങ്ങിയ നിയലാണ്. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. പൊടിയന് ഭക്ഷണം കഴിക്കാവുന്ന അവസ്ഥിയിലായിരുന്നോ എന്നും രാസപരിശോധനയിലൂടെ വ്യക്തമാകും.
ഇളയ മകന്‍ റെജിയോടൊപ്പമാണ് വൃദ്ധമാതാപിതാക്കള്‍ താമസിച്ചിരുന്നത്. മാസങ്ങളായി നേരാംവണ്ണം ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ല. ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് പൊടിയന്‍ മരിച്ചത്. അവശനിലയിലായ അമ്മിണി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൊടിയന്‍ മരിച്ച സംഭവത്തില്‍ മകന്‍ റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാര്‍ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് പൊടിയന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നത്. പൊടിയന്റെ മരണവുമായി ബന്ധപ്പെട്ട് സബ്ബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരിയും, സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ഡയറക്ടര്‍ ടിപി ചന്ദ്രബോസും വീട് സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി.