വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസില്‍ പുനര്‍വിചാരണയല്ല, പുനരന്വേഷണമാണ് വേണ്ടതെന്ന ആവശ്യം ശക്തമാകുന്നു. കുറച്ചുകാലത്തേക്ക് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു വനിതയും കോടതി വിധി വന്ന ശേഷം ഇതേ ആവശ്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്.
കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന വാളയാര്‍ എസ്.ഐ., പാലക്കാട്ടെ ഡി.വൈ.എസ്.പി. എം.ജെ. സോജന്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്നതാണ് സമൂഹം ഉറ്റുനോക്കുന്നത്. അത്തരം നടപടിക്ക് സാധ്യതയില്ലാത്ത തരം ഇരട്ടത്താപ്പ് സര്‍ക്കാരിന്റെ ഭാഗത്തുണ്ടായേക്കാമെന്ന നിഗമനമാണ് ശക്തം.
ഇതേപ്പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ വന്ന പ്രതികരണത്തിലേക്ക്….
നിരന്തരമായ പീഢനങ്ങൾക്കിരയായ പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറിച്ച്, അവർ ലൈംഗികത ആസ്വദിക്കുകയായിരുന്നു വെന്ന് പരസ്യമായ പരാമർശം നടത്തിയതിന് പോക്സോ നിയമപ്രകാരം പ്രതി ചേർക്കപ്പെടാവുന്ന സോജൻ , അഭയ കേസിൽ കെ.ടി. മൈക്കിളിനു സമാനമായ രീതിയിൽ വാളയാർകേസിൽ തെളിവുകൾ നശിപ്പിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്തതിന്റെ വിശദാംശങ്ങൾ സർക്കാർ അഭിഭാഷകനോ ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരോ കോടതിയിൽ അവതരിപ്പിക്കാതിരുന്നതിനാലാണ് DySP സോജൻ നടത്തിയത് കാര്യക്ഷമമായ അന്വേഷണമായിരുന്നുവെന്ന കോടതി നിരീക്ഷണമുണ്ടായത്.
കേരളം കണ്ട ഏറ്റവും മേശമായ അന്വേഷണമാണ് വാളയാർ കേസിൽ ഉണ്ടായതെന്ന് പറഞ്ഞ സർക്കാർ തന്നെ കേസ് അട്ടിമറിച്ച അന്വേഷണ സംഘത്തിനെ തീരെ നടപടിയെടുക്കാതിരിക്കുകയും അതിൽ മുഖ്യ പങ്കു വഹിച്ച സോജന് SPയായി സ്ഥാനക്കയറ്റം നൽകാൻ ശുപാർ നൽകുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ അഭിഭാഷകൻ സോജനെതിരെ മൗനം പാലിച്ചത് മനസ്സിലാക്കാം. എന്നാൽ കോടതി മേൽനോട്ടത്തിലെ അന്വേഷണം എന്ന അമ്മയുടെ ആവശ്യവും കേസ് അട്ടിമറിയിൽ സോജന്റെ പങ്കും ഉന്നയിക്കാതിരുന്നതിന് ഇരകൾക്ക് വേണ്ടി ഹാജരായ അഭഭാഷകരും അവരെ നിയോഗിച്ചവരും ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്.
വാളയാർ കേസിൽ നീതി നടപ്പാകണമെങ്കിൽ ആദ്യം കേസ് അന്വേഷിച്ച SI യെ മാത്രമല്ല; കേസ് അട്ടിമറിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സോജൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.
നിലവിലെ പ്രതികൾ ഇത്തരമൊരു കേസ് അട്ടിമറിക്കാൻ കഴിയുംവിധം പോലീസിനെയും പ്രോസിക്യൂഷനെയും സ്വാധീനിക്കാനുള്ള അധികാര സ്വാധീനമോ സമ്പത്തോ ഉള്ളവരല്ല. അതിനാൽത്തന്നെ ഇവർക്കു പുറമേ അധികാര സ്വാധീനമുള്ള വമ്പന്മാർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങൾക്കും സാധുതയുണ്ട്. ദലിതർ ഇരകളാക്കപ്പെടുന്ന കേസുകളിൽ അന്വേഷണവും വിചാരണയും ശിക്ഷകളുമൊക്കെ ഇങ്ങിനെയെല്ലാം മതിയെന്ന ഭരണ സംവിധാനങ്ങളുടെ സമീപനങ്ങൾക്കൊപ്പം ആരെയൊക്കെയോ സംരക്ഷിക്കാനുള്ള വ്യഗ്രതയുമാണ് സോജനെ സംരക്ഷിക്കുകയും പ്രമോട്ട് ചെയ്യുകയും വഴി സർക്കാരും വ്യക്തമാക്കുന്നത്.
അതിനാൽ നിലവിലെ പ്രതികൾക്ക് പുറമേ മറ്റാരങ്കിലും ഉണ്ടെങ്കിൽ അവരെ കൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന അവയുടെ ആവശ്യത്തോട് ഒപ്പം നിൽക്കേണ്ടതുണ്ട്.
അതോടൊപ്പം, പുറമ്പോക്കുകളിലേയും കോളനികളിലേയും അടച്ചുറപ്പില്ലാത്ത വീടുകളിൽ കുഞ്ഞുങ്ങളെത്തനിച്ചാക്കി രക്ഷിതാക്കൾക്ക് കൂലിപ്പണിക്ക് പോകേണ്ടി വരുന്ന സാഹചര്യങ്ങളാണ് വാളയാറിലേതു പോലുള്ള അതിക്രമങ്ങൾക്കിടയാക്കുന്നതെന്നും തിരിച്ചറിയപ്പെടണം.
ശരിയായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതിനൊപ്പം ജാതി കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും ആട്ടിപ്പായിക്കെട്ട മർദ്ദിത ജനതയ്ക്ക് കൃഷി ഭൂമിയും വാസയോഗ്യമായ വീടും ലഭ്യമാകുകയും ചെയ്യുമ്പോഴേ വാളയാറിലെ കുഞ്ഞുക്കൾക്ക് നീതി ലഭിക്കൂ.
അതിനായി ജനാധിപത്യ സമൂഹം രംഗത്തിറങ്ങണം.
എം.കെ. ദാസൻ ,
സംസ്ഥാന സെക്രട്ടറി,
CPI (ML) റെഡ് സ്റ്റാർ .