പാലാ സീറ്റിനെ ചൊല്ലി എന്‍.സി.പി. കേരള ഘടകം ഇടതു മുന്നണിയുമായി ഇടഞ്ഞു നില്‍ക്കുമ്പോള്‍ ഭൂരിപക്ഷം ജില്ലകളിലെ അധ്യക്ഷന്‍മാരും പാര്‍ടി ഇടതുമുന്നണിയില്‍ തുടരണം എന്ന നിലപാട് സ്വീകരിച്ചതായി പറയുന്നു. പാര്‍ടി സംസ്ഥാന പ്രസിഡണ്ട് ടി.പി. പീതാംബര്‍മാസ്റ്ററുടെ വീട്ടില്‍ ഏതാനും ദിവസം മുമ്പു ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ കോട്ടയം, പത്തനം തിട്ട, കാസര്‍ഗോഡ് ജില്ലകളിലെ പാര്‍ടി അധ്യക്ഷന്‍മാര്‍ മാത്രമാണ് ഇടതുമുന്നണി വിടണം എന്ന അഭിപ്രായത്തിനൊപ്പം നിന്നത് എന്ന് പറയുന്നു. ബാക്കി പതിനൊന്ന് ജില്ലാ അധ്യക്ഷന്‍മാരും പാര്‍ടി ഇടതുമുന്നണി വിടരുത് എന്ന വികാരമാണ് പങ്കു വെച്ചത്. പീതാംബര്‍മാസ്റ്ററുടെ താല്‍പര്യത്തിന് എതിരായ വികാരമാണ് യോഗത്തില്‍ ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചത്. ജോസ് കെ.മാണിക്കു വേണ്ടി പാലാ മണ്ഡലം വിട്ടുകൊടുക്കേണ്ടി വരുന്നത് യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ കാഞ്ഞിരപ്പള്ളി മണ്ഡലം സി.പി.ഐ. വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുള്ളപ്പോള്‍ പാലായിലെ വിട്ടുവീഴ്ച അത്രയധികം ഗുരുതരമായ അഭിമാനപ്രശ്‌നമായി കാണേണ്ടതുണ്ടോ എന്ന ചോദ്യമാണ് വിവിധ ജില്ലാ ഘടകങ്ങളില്‍ നടക്കുന്ന ചര്‍ച്ച. സുരക്ഷിതമായ വേറെ മണ്ഡലം ആവശ്യപ്പെടുക എന്നതാണ് സ്വീകരിക്കേണ്ട നയം എന്ന ചിന്തയും നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്. വടകര ലോക്‌സഭാ സീറ്റ് സി.പി.എം. ഏറ്റെടുത്തപ്പോള്‍ ഉണ്ടായതിലും വലിയ വികാരം പാലാ വിട്ടുകൊടുക്കുമ്പോള്‍ ആവശ്യമുണ്ടോ ്എന്നതാണ് ഒരു വിഭാഗത്തിനുള്ളത്.
എന്നാല്‍ മാണി സി.കാപ്പന്‍ പാലായില്‍ തന്നെ മല്‍സരിക്കണമെന്ന നിലപാടിലാണ്. പീതാംബരന്‍മാസ്റ്ററും ഇതോടൊപ്പമാണ്. എന്നാല്‍ ഇവര്‍ക്ക് വ്യാപക പിന്തുണ പാര്‍ടിയില്‍ ലഭിച്ചിട്ടില്ല.
മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഇടതുമുന്നണിയില്‍ തുടരണമെന്ന നിലപാടിലാണ്. ഇത് ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം നേരിട്ടു പോയി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ വിശദമായി ധരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ടിയില്‍ നിന്നും തെന്നി മാറിയ നേതാക്കള്‍ പിന്നീട് എങ്ങിനെ അപ്രസക്തരായിപ്പോയി എന്നത് ശശീന്ദ്രന്‍ ഉദാഹരണസഹിതം പവാറിനെ ധരിപ്പിച്ചു. പാര്‍ടിയിലേക്ക് പല കാലങ്ങളില്‍ കടന്നു വന്നവരുടെ താല്‍പര്യങ്ങള്‍ പാര്‍ടിയെ ഒരു തരത്തിലും പുരോഗതിയിലേക്ക് നയിച്ചിട്ടില്ലെന്നുമുള്ള ്അഭിപ്രായവും എന്‍.സി.പി.യില്‍ ഒരു വിഭാഗത്തിനുണ്ട്. മാണി സി. കാപ്പന്‍ ഈ രീതിയില്‍ ഇടക്കാലത്ത് പാര്‍ടിയിലേക്ക് വന്ന വ്യക്തിയാണ്. കെ.കരുണാകരനും കെ.മുരളീധരനും വന്നിട്ട് പാര്‍ടിക്ക് ഒരു മികവും ഉണ്ടായില്ല. അവരവര്‍ക്ക് രാഷ്ട്രീയ ഇടത്തിനു വേണ്ടി പാര്‍ടിയെ ഉപയോഗിക്കുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ധാരാളം പേര്‍ എന്‍.സി.പി.യുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 101 നിയോജകമണ്ഡലങ്ങളില്‍ ഇടതു മുന്നണി മുന്നിലാണെന്നും ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കുന്നത് വിഢിത്തമാണെന്നും ശശീന്ദ്രന്‍ പവാറിനെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് ശരദ് പവാര്‍ ശശീന്ദ്രനോട് തിരിച്ചു പ്രതികരിച്ചത്രേ.
പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇരു ഗ്രൂപ്പുകളും ദേശീയ അധ്യക്ഷനോട് നേരിട്ടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശരദ് പവാര്‍ അടുത്ത ആഴ്ച തന്നെ കേരളത്തില്‍ എത്തുന്നുണ്ട്. അതിനു മുമ്പ് പീതാംബരന്‍ മാസ്റ്റര്‍ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്താനും തനിക്കനുകൂലമായി കാര്യങ്ങള്‍ കൊണ്ടുവരാനും പദ്ധതിയിട്ടിട്ടുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ ഭൂരിപക്ഷം ജില്ലകളും ഇതുമായി സഹകരിക്കാതെ ആലോചനായോഗങ്ങള്‍ ബഹിഷ്‌കരിക്കാനും സാധ്യതയുണ്ട്.