ട്രംപിന്റെ കോവിഡ് പ്രോട്ടോക്കോള്‍ ബൈഡന്‍ തിരുത്തുകയാണ്. മാസ്‌ക് ധരിക്കുന്നതും രാജ്യസ്‌നേഹമാണ് എന്ന് പറഞ്ഞുകൊണ്ട് കൊവിഡിനെതിരായ യുദ്ധത്തില്‍ ബൈഡന്‍ മുന്നോട്ടു പോകുമ്പോള്‍ ട്രംപിന്റെ ഉദാസീനവും അശ്രദ്ധവുമായ നയം കൊണ്ട് കൊവിഡ് കവര്‍ന്ന ജീവിതങ്ങള്‍ എത്രയാണെന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു.
കൃത്യം ഒരു വര്‍ഷം മുമ്പാണ് അമേരിക്കയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്–ജനുവരി 20-ന്. ഈ വര്‍ഷം ജനുവരി 20-ന് പുറത്തുവരുന്ന കണക്കു പ്രകാരം അമേരിക്കയില്‍ ആകെ കൊവിഡ് ബാധിച്ചത് 25 മില്യന്‍ ജനങ്ങള്‍ക്കാണ്. കൊവിഡ് വെറും ജലദോഷപ്പനി മാത്രമാണെന്നും ലോക്ഡൗണ്‍ ഉള്‍പ്പെടെ ഒരു നിയന്ത്രണവും വേണ്ടെന്നും തട്ടിവിട്ട് ഉത്തരവാദിത്വമോ ആലോചനയോ ഇല്ലാത്ത മാതൃകയാണ് ട്രംപ് അമേരിക്കയില്‍ കാണിച്ചത്. ഇതിന്റെ ഫലമായി അമേരിക്കയില്‍ മരണസംഖ്യ ഉള്‍പ്പെടെ കുതിച്ചുകയറി.
കഴിഞ്ഞ ഒരു വര്‍ഷം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ലോകത്തെ ഏറ്റവും വലിയ സംഖ്യയാണ്–നാലേകാല്‍ ലക്ഷം. രണ്ടര കോടി ജനങ്ങള്‍ രോഗബാധിതരായതും ലോകത്ത് വേറൊരു രാജ്യത്തും ഉണ്ടായിട്ടില്ല. കാലിഫോര്‍ണിയയില്‍ മാത്രം മുപ്പത് ലക്ഷം പേരാണ് രോഗബാധിതരായത്.