കോണ്‍ഗ്രസ് വിടാനുള്ള നീക്കം ഉപേക്ഷിച്ച മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് സോണിയ ഗാന്ധി നേരിട്ട് നിര്‍ദ്ദേശിച്ചതനുസരിച്ച് ശനിയാഴ്ച തിരുവനന്തപുരത്ത് കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തി. പാര്‍ടിയില്‍ തോമസിന് അര്‍ഹമായ ഒരു സ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ട്. വര്‍ക്കിങ് പ്രസിഡണ്ട് സ്ഥാനം കിട്ടാനുള്ള സാധ്യതയും പറയപ്പെടുന്നു.
സോണിയ പറഞ്ഞാല്‍ തനിക്ക് പിന്നെ മറ്റൊരു ചിന്തയില്ല എന്ന് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച നടത്താനിരുന്ന വാര്‍ത്താസമ്മേളനവും അദ്ദേഹം റദ്ദാക്കി. പറയാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി അതിന് പ്രസക്തിയില്ലെന്നും വൈകാരികമായ പ്രശ്‌നങ്ങള്‍ തനിക്കുണ്ടായിരുന്നു എന്നും തോമസ് പറഞ്ഞു. 15 വര്‍ഷം ഏറണാകുളം ഡിസിസി പ്രസിഡണ്ടായിരുന്നു തന്നെ പാര്‍ടിയില്‍ പിന്നീട് ഒരു കാര്യത്തിനും അടുപ്പിക്കാത്തതില്‍ അമര്‍ഷവും പ്രയാസവും ഉണ്ടായിരുന്നു. പാര്‍ലമെന്ററി സ്ഥാനം ഇല്ലാത്തതല്ല, പാര്‍ടിയിലും ഒരു പരിഗണനയും കിട്ടാത്തത് തന്നെ വേദനിപ്പിച്ചു. കൊച്ചി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഒരു ഡിവിഷനില്‍ പോലും തന്റെ അഭിപ്രായം മാനിക്കാന്‍ തയ്യാറായില്ല. സ്വന്തം നാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയം പോലും തന്നെ അറിയിച്ചില്ല-തോമസ് പറഞ്ഞു.
തിരുവനന്തപുരത്ത് കേന്ദ്രനേതാക്കളുടെ മുന്നില്‍ എല്ലാ പരാതിയും അറിയിച്ചു. താന്‍ ഇടതുപക്ഷവുമായി ആശയവിനിമയം നടത്തി എന്നത് വസ്തുതാവിരുദ്ധമാണെന്ന് തോമസ് കേന്ദ്രനേതാക്കളെ അറിയിച്ചു. താന്‍ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുന്നു. പാര്‍ടിയിലെ സീനിയോറിറ്റി പരിഗണിച്ച് അര്‍ഹമായൊരു പദവി നല്‍കണമെന്ന ആവശ്യമാണുള്ളത്- തോമസ് പറഞ്ഞു.