കേരളത്തിലെ കോണ്‍ഗ്രസില്‍ നടത്താന്‍ തീരുമാനിച്ച അഴിച്ചുപണിയുടെ പ്രധാനമായ മറ്റൊരു ശസ്ത്രക്രിയ നടത്താന്‍ ഹൈക്കമാന്റ് ഒരുങ്ങുന്നതായി അഭ്യൂഹം. കെ.പി.സി.സി. അധ്യക്ഷനായ മുല്ലപ്പള്ളിയെ ആ സ്ഥാനത്തു നിന്നും മാറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനും അധ്യക്ഷസ്ഥാനത്തേക്ക് ഇപ്പോഴത്തെ വര്‍ക്കിങ് അധ്യക്ഷനായ കെ.സുധാകരന്‍ എം.പി.യെ നിയോഗിക്കാനും ആണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സുധാകരന്‍ ഇക്കാര്യത്തില്‍ താല്‍പര്യം അറിയിച്ചതായും അദ്ദേഹത്തെ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചതായും വാര്‍ത്തയുണ്ട്. അതേസമയം മുല്ലപ്പള്ളി സ്ഥാനം ഒഴിയാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. നേതൃത്വം പറയുന്നത് അച്ചടത്തോടെ അനുസരിച്ചാണ് പതിവെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
കാര്യമായ സംഘടനാമാറ്റം ഉണ്ടാവില്ലെന്ന് പുറമേ പറഞ്ഞെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് തലപ്പത്ത് വലിയ മാറ്റം തന്നെയാണ് ദേശീയ നേതൃത്വം നടത്തുന്നതിന് ആലോചിക്കുന്നത് എന്ന കാര്യം ഇതോടെ വ്യക്തമാകുന്നു.