ലോക പ്രശസ്ത ചാരസംഘടനയാണ് ഇസ്രായേലിന്റെ മൊസാദ്. വെള്ളിയാഴ്ച ഡെല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കടുത്തു നടന്ന സ്‌ഫോടനം ഇപ്പോള്‍ അന്വേഷിക്കുന്നത് ഇന്ത്യയുടെ എന്‍.ഐ.എ. ആണെങ്കിലും ആഗോള അന്വേഷണ വൈദഗ്ധ്യമുള്ള മൊസാദ് ഈ സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഇസ്രായേലിന് താല്‍പര്യമുണ്ടെന്നും അതിനായി ഇന്ത്യയുമായി ആശയവിനിമയത്തിലാണെന്നും സൂചനയുണ്ട്. സ്‌ഫോടനവുമായി ഇറാന്‍ പൗരന്‍മാര്‍ക്ക് ബന്ധമുണ്ട് എന്ന നിലയിലാണ് അന്വേഷണം മുറുകുന്നത്. ഡെല്‍ഹിയിലെ രണ്ട് ഇറാനിയന്‍ പൗരന്‍മാരെ എന്‍.ഐ.എ. ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ വിസ കാലാവധി കഴിഞ്ഞതാണ്.
ഭീകരാക്രമണമാണ് നടന്നതെന്നാണ് ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാല്‍ക്ക ശനിയാഴ്ച പ്രതികരിച്ചിട്ടുള്ളത്. ഏതാനും ആഴ്ചകളായി ഇത്തരം ആക്രമണം പ്രതീക്ഷിച്ചിരിക്കയായിരുന്നെന്നും തങ്ങള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും അംബാസഡര്‍ പറഞ്ഞു.ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ ആണ് സ്‌ഫോടനത്തിനു പിറകിലെന്ന് ഇസ്രായേല്‍ പ്രതിരോധവകുപ്പും ആരോപിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടക്കുന്ന സമയത്ത് എംബസിക്കു ചുറ്റിലും സമീപപ്രദേശങ്ങളിലുമായി 45,000 മൊബൈല്‍ ഫോണുകള്‍ ആക്ടീവായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എംബസിക്കടുത്തുള്ള ഒരു ടെലഗ്രാം അക്കൗണ്ടും നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. സി.സി.ടി.വി.ദൃശ്യങ്ങള്‍ വഴി ലഭിച്ച വിവരവും പ്രധാനമാണ്. രണ്ടുപേര്‍ ടാക്‌സിയില്‍ വന്നിറങ്ങിയതിന്റെ ദൃശ്യം കിട്ടിയിരുന്നു. ടാക്‌സി ഡ്രൈവറെ കണ്ടുപിടിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.