സി.ഐ.ടി.യും എ.ഐ.ടി.യു.സി.യും ഐ.എന്‍.ടി.യുസി.യും മാത്രം അംഗീകൃത ട്രേഡ് യൂണിയനുകളായി കാലാകാലമായി ഇടം പിടിച്ചടക്കി വെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി.യില്‍ മൂന്നര പതിറ്റാണ്ടിനു ശേഷം ആദ്യമായി ബി.ജെ.പി.യുടെ യൂണിയനായ ബി.എം.എസിന് അഭൂതപൂര്‍വ്വമായ തൊഴിലാളി പിന്തുണയോടെ അംഗീകാരം കിട്ടിയത് ഇടതു യൂണിയനുകളെ ഞെട്ടിച്ചു. റഫറണ്ടത്തില്‍ ജയിക്കാന്‍ 15 ശതമാനം വോട്ടാണ് വേണ്ടിയിരുന്നത്. ബി.എം.എസിന് 18 ശതമാനം കിട്ടി. കഴിഞ്ഞ തവണ ഇവര്‍ക്ക് കിട്ടിയിരുന്നത് 8.31 ശതമാനം വോട്ട് മാത്രമായിരുന്നു. ഏറ്റവും വലിയ സംഘടനയായ സി.ഐ.ടി.യു.വിന് 13 ശതമാനം വോട്ട് ചോര്‍ന്നു. 2016-ല്‍ നടന്ന ഹിതപരിശോധനയില്‍ 48.52 ശതമാനം വോട്ടുണ്ടായിരുന്നതാണ് നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ 35.24 ശതമാനം ആയി കുറഞ്ഞത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുണ്ടെങ്കിലും അവര്‍ക്കും നാലു ശതമാനം വോട്ട് കുറഞ്ഞു. കഴിഞ്ഞ തവണ 27.01 ശതമാനം ഉണ്ടായിരുന്നത് ഇത്തവണ 23.37 ആയി.
ഇതുവരെ അംഗീകാരം കിട്ടാത്ത സംഘടനയായിരുന്നു ബി.എം.എസ്. നേതൃത്വത്തിലുള്ള കെ.എസ്.ടി. എംപ്ലോയീസ് സംഘ് . അവര്‍ മൂന്നാമതായി കളം പിടിച്ചു എന്നു മാത്രമല്ല ഇടതു സംഘടനയായ അംഗീകൃത യൂണിയന്‍ എ.ഐ.ടി.യു.സി.ക്ക് അംഗീകാരം നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവര്‍ക്ക് 9.46 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. വേറെ മൂന്ന് സംഘടനകള്‍ക്കും കാര്യമായ വോട്ട് നേടാനായില്ല.
സി.ഐ.ടി.യുവില്‍ നിന്നാണ് ഏറ്റവുമധികം വോട്ടു ചോര്‍ച്ചയുണ്ടായതെന്നത് ഇടതു കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ്. ഇതുവരെയില്ലാത്ത അനുഭവമാണിത്. ബി.എം.എസിനുള്ള പിന്തുണയായി ഈ ചോര്‍ന്ന വോട്ടുകള്‍ മാറി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സി.ഐ.ടി.യു.വിനോടുള്ള വിപരീത വികാരം ബി.എം.എസിന്റെ വോട്ടായി മാറിയെന്നാണ് നിഗമനം. ഇടതു പക്ഷം ഭരണത്തിലിരിക്കുമ്പോള്‍ ജീവനക്കാരില്‍ അതൃപ്തിയുണ്ടായി എന്നതാണ് ഈ രോഷത്തിന് കാരണം. മുമ്പ് ഇത്തരം അവസരത്തില്‍ പോലും വോട്ടു ചോര്‍ച്ച പതിവുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ജീവനക്കാരിലുണ്ടായി വിരുദ്ധ മനോഭാവം ഇടതു ഭരണത്തിനു കീഴില്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ഉണ്ടായിരിക്കുന്ന തൊഴിലാളികളുടെ അമര്‍ഷത്തിന്റെ ബഹിര്‍പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസിനും തൊഴിലാളികളുടെ അസംതൃപ്തിക്ക് നേതൃത്വം നല്‍കാനായില്ല. പകരം അതൊക്കെ മുഖ്യ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്ത ബി.എം.എസിലേക്കാണ് പോയത് എന്നും ഊഹിക്കാവുന്നതാണ്.