കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ മാഞ്ചാരി എന്ന സ്ഥലത്തെ ഉല്‍പാദന ശാലാകെട്ടിട സമുച്ചയത്തില്‍ തീപിടുത്തം.
അത്യാഹിതത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. മൂന്നു പേര്‍ യു.പി., ബീഹാര്‍ സ്വദേശികളും രണ്ടുപേര്‍ പൂനെ സ്വദേശികളുമാണ്. മുകള്‍ നിലയിലാണ് അഞ്ചുപേരുടെയും ദേഹം കണ്ടെത്തിയത്.
വൈകീട്ട് മൂന്നു മണിയോടെയാണ് ആദ്യം തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. 15 ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. ഒന്‍പത് തൊഴിലാളികളെ രക്ഷിച്ചു.
വൈകീട്ട് ഏഴുമണിയോടെ വീണ്ടും തീ ഉണ്ടായി. അതും പിന്നീട് അണച്ചു.


ടെര്‍മിനല്‍ ഒന്നിന്റെ ഗേറ്റിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലേക്ക് പടര്‍ന്നു. പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് തീ ഉണ്ടായത്. കൊവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന ശാലയ്ക്ക് കേടൊന്നും പറ്റിയിട്ടില്ല. അതിനാല്‍ കൊവിഷീല്‍ഡ് ഉല്‍പാദനത്തിനോ വിതരണത്തിനോ തടസ്സമൊന്നും ഇല്ല എന്നത് രാജ്യത്തിന് തന്നെ വലിയ ആശ്വാസമായി. കൊവിഷീല്‍ഡ് ഉല്‍പാദിപ്പിക്കുന്ന പ്ലാന്റിന് വെറും ഒരു കിലോമീറ്റര്‍ അകലെയാണ് തീപിടുത്തമുണ്ടായ ശാല. ഇവിടെ ക്ഷയരോഗ പ്രതിരോധത്തിനായുള്ള ബി.സി.ജി. വാക്‌സിന്‍ ആണ് ഉണ്ടാക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.