ഒരേ തിരക്കഥ തന്നെ കൊണ്ടുവന്ന് അംഗീകരിപ്പിക്കാനും കര്‍ഷകരെ സോപ്പിടാനുമുള്ള കേന്ദ്രകൃഷിമന്ത്രിയുടെ ശ്രമം വിഫലം. മന്ത്രി നാണം കെട്ടതു മിച്ചം. നാലു മണിക്കൂര്‍ നേരം വെറുതെ ചര്‍ച്ച ചെയ്ത് തീരുമാനമായത് ഒറ്റ കാര്യം മാത്രം–അടുത്ത ചര്‍ച്ച അടുത്ത ചൊവ്വാഴ്ച നടത്താം.
ചര്‍ച്ചയില്‍ കൃഷിമന്ത്രി ചോദിച്ചത് ഇങ്ങനെ–ഞങ്ങള്‍ നിങ്ങളുടെ ചില ഡിമാന്റുകള്‍ അംഗീകരിച്ചതു പോലെ നിങ്ങള്‍ക്കും ഞങ്ങളുടെ ചിലത് അംഗീകരിച്ചു കൂടേ !! അല്‍പം ഉദാരത കാണിച്ചു കൂടേ?!!
കര്‍ഷകപ്രതിനിധികള്‍ ഇത് തള്ളിക്കളയുകയും കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കലാണ് തങ്ങളുടെ പ്രധാന ഡിമാന്‍ഡ് എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
യോഗത്തിനു ശേഷം കൃഷിമന്ത്രി പറഞ്ഞതാണ് ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം–കര്‍ഷകര്‍ ഒരു അനൗപചാരിക ഗ്രൂപ്പ് രൂപീകരിക്കണമത്രേ. എന്നിട്ട് സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് എന്തൊക്കെ എന്ന് ഒരു കരട് രേഖ ഉണ്ടാക്കി അത് സര്‍ക്കാരിന് നല്‍കണം. എന്നിട്ട് അത് വെച്ച് സര്‍ക്കാര്‍ തുറന്ന മനസ്സോടെ സംസാരിക്കാം. അവരുടെ സംശയം തീര്‍ക്കാം. ഇതാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. അതായത് ഇതുവരെ ഏത് നിയമം മുന്‍നിര്‍ത്തിയാണോ 51 ദിവസമായി സമരം നടത്തുന്നത് അതിനെ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നതേയില്ല. കര്‍ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് സര്‍ക്കാരിന് അറിയുകയേ ഇല്ല. കര്‍ഷകര്‍ തന്നെ അത് ഇനി എഴുതി തയ്യാറാക്കി നല്‍കണം. എന്നിട്ട് അതിലെ സംശയങ്ങള്‍ സര്‍ക്കാര്‍ ദൂരീകരിച്ചു നല്‍കും. അതായത് ഇത്രയും ദിവസം സമരം ചെയ്തതിന് അടിസ്ഥാനമായ വിഷയങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. ലക്ഷക്കണക്കിന് കര്‍ഷകരുടെ അഭിമാനത്തെ പരിഹസിക്കുന്ന നിര്‍ദ്ദേശമാണ് കൃഷിമന്ത്രി നരേന്ദ്രസിങ് തോമറില്‍ നിന്നുണ്ടായത്.