Categories
kerala

മുഖ്യമന്ത്രി ആ വാര്‍ത്ത കണ്ടു,
പുത്തന്‍ സൈക്കിള്‍ വീട്ടിലെത്തി

ഭിന്നശേഷിക്കാരനായ സുനീഷ് മകന് വാങ്ങി നല്‍കിയ പുത്തന്‍ സൈക്കിള്‍ രാത്രിയില്‍ മോഷ്ടിക്കപ്പെട്ടു. തനിക്കത് തിരിച്ചുതരണമെന്നഭ്യര്‍ഥിച്ച് ആ പിതാവ് ഫേസ്ബുക്കിലിട്ട കുറിപ്പ് നിരവധി പേര്‍ പങ്കുവെച്ചിരുന്നു

Spread the love

മകനു വേണ്ടി ആശിച്ച് കൊതിച്ച്‌ വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്‍റെ വിഷമത്തിലായിരുന്ന ആ നിസ്സഹായനായ പിതാവിന് ആശ്വാസമായി പുതുപുത്തന്‍ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്‍റെ കുടുംബത്തിന്‍റെ സങ്കടത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പുതിയ സൈക്കിള്‍ നല്‍കിയത്.

കൈകള്‍ക്കും കാലുകള്‍ക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. വൈകല്യത്തിനുമുന്നില്‍ മനസു തളരാതെ ഉരുളികുന്നത്തിന് സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി സ്ഥാപനം നടത്തിവരികയാണ്. ഒന്‍പതു വയസുള്ള മകന്‍ ജസ്റ്റിന് വാങ്ങി നല്‍കിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച്ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേര്‍ പങ്കുവച്ചിരുന്നു.

thepoliticaleditor

സൈക്കിള്‍ തിരികെ കിട്ടാന്‍ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടയുടന്‍ പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ മുഖ്യമന്ത്രി കോട്ടയം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടന്‍ കോട്ടയത്തുനിന്ന് സൈക്കിള്‍ വാങ്ങി കളക്ടര്‍ സുനീഷിന്‍റെ വീട്ടില്‍ എത്തുകയായിരുന്നു.

കാണാതായ സൈക്കിളിന്‍റെ അതേ നിറത്തിലുള്ള പുത്തന്‍ സൈക്കിള്‍ സ്വന്തമായപ്പോള്‍ ജസ്റ്റിന്‍ മനസു നിറഞ്ഞുചിരിച്ചു. ഒപ്പം സുനീഷും ഭാര്യ ജിനിയും മകള്‍ ജസ്റ്റിയയും.

പത്രവാര്‍ത്ത വന്നപ്പോഴും ഇങ്ങനെയൊരു ഇടപെടല്‍ പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ സങ്കടം മനസിലാക്കിയതിന് ഒത്തിരി നന്ദിയുണ്ട്-സുനീഷ് പറഞ്ഞു.

Spread the love
English Summary: Intervention of C M, 9 year old Justine got a brand new bicycle . Physically challenged father Suneesh’s FB post about the theft of his son’s bicycle had been noticed by CM and he took the immediate action to get them a new one.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick