സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന വിഷയം ലോകവ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെ സി.ബി.ഐ.-യുടെ ഒരു സുപ്രധാനമായ നീക്കം. അഞ്ചരലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത രാഷ്ട്രീയ വിശകലന-കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനാല്‍ട്ടിക്കയ്ക്കും ഗ്ലോബല്‍ റിസര്‍ച്ച് ലിമിറ്റഡിനും എതിരെ സി.ബി.ഐ. കേസ് എടുത്തിരിക്കുന്നു. 5.62 ലക്ഷം പേരുടെ വിവരങ്ങള്‍ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് ലിമിറ്റഡ് ചോര്‍ത്തി കേംബ്രിജ് അനാല്‍റ്റിക്കയ്ക്ക് പങ്കുവെച്ചു എന്നാണ് കേസ്. ഈ ഡാറ്റ പിന്നീട് ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ ഉപയോഗിച്ചു എന്നും ആരോപിക്കുന്നു.
2018-ലാണ് ഈ ഡാറ്റാ മോഷണം വിവിധ മാധ്യമങ്ങളിലൂടെ ലോകം അറിയുന്നത്. 2018 ഏപ്രില്‍ മൂന്നിന് കേംബ്രിഡ്ജ് അനാല്‍റ്റിക്ക ഇത് നിഷേധിച്ചെങ്കിലും ഏപ്രില്‍ അഞ്ചിന് ഫേസ് ബുക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയത് ഞെട്ടിക്കുന്ന വിവരമായിരുന്നു. 5.62 ലക്ഷം പേരുടെ ഡാറ്റ മോഷ്ടിച്ചിട്ടുണ്ട് എന്നതായിരുന്നു ആ വിവരം. ഇതേത്തുടര്‍ന്നാണ് കേസ് നിലവില്‍ വന്നത്.
എന്നാല്‍ രണ്ടുവര്‍ഷത്തിലധികം വൈകിപ്പിച്ച് ഇപ്പോള്‍ മാത്രം കേസ് എടുക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ–കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ കേംബ്രിഡ്ജ് അനാല്‍റ്റിക്കയുടെ സേവനം കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു എന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. ഇപ്പോഴത്തെ കേസിന് അതു കൊണ്ടുതന്നെ രാഷ്ട്രീയമായ താല്‍പര്യങ്ങളും ഉണ്ട് എന്നതാണ് സത്യം. 2000-ത്തിലെ ഐ.ടി. ആക്ട്, 2008-ലെ ഐ.ടി.( ഭേദഗതി)ആക്ട് എന്നിവ അനുസരിച്ച് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഡേറ്റാ മോഷണം.
2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാനായി കേംബ്രിഡ്ജ് അനാല്‍റ്റിക്ക ഡേറ്റ തിരിമറി നടത്തിയതായി വന്‍ ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഭവത്തോടെയാണ് ഈ കമ്പനിയുടെ കഥകള്‍ ലോകം അറിയാനിടയായത്.