കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച കാര്‍ ഗോകര്‍ണത്തിനടുത്ത് അങ്കോളയില്‍ അപകടത്തില്‍പ്പെട്ട് മന്ത്രിയുടെ ഭാര്യ വിജയ നായികും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു. മന്ത്രിക്കും സാരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും നില തൃപ്തികരമാണ്. മന്ത്രിയുള്‍പ്പെടെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഗോകര്‍ണം സന്ദര്‍ശനത്തിനു ശേഷം രാത്രി ഗോവയിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു അപകടം.
മന്ത്രിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് ലഭ്യമായ വിവരം ഇതാണ് :

ശ്രീപദ് നായികും ഭാര്യയും വടക്കന്‍ കര്‍ണാടകത്തിലെ യെല്ലാപൂരിലേക്ക് പോയതായിരുന്നു. അവിടെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു പ്രത്യേക പൂജകള്‍ നടത്തി. തിരികെ ഗോവയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഗോകര്‍ണത്തിനും യെല്ലാപൂരിനും ഇടയില്‍ കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവ മുഖ്യമന്ത്രി പ്രമോദ്‌സാവന്തിനെ ഫോണില്‍ വിളിച്ച് സ്ഥിതിവിവരങ്ങള്‍ തിരക്കുകയും ചികില്‍സാ ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.