നേതാജി സുഭാഷ് ചന്ദ്രബോസ് ബംഗാളികളുടെ വികാരമാണെന്ന കാര്യം ഉപയോഗപ്പെടുത്തയുള്ള തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് ബി.ജെ.പി. നേതാജിയുടെ 125-ാം ജന്മദിനത്തില്‍ തന്നെ തുടക്കമിട്ടു. പരാക്രം ദിവസമായാണ് ബി.ജെ.പി. ബോസിന്റെ ജന്മദിനം ആഘോഷിച്ചത്. സുഭാഷ് ബോസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പുതിയ ബി.ജെ.പി. തന്ത്രത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. ദേശ്‌നായക് ദിവസം ആയിട്ടാണ് അവര്‍ ജന്മദിനം ആഘോഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തെ ജന്മദിനാഘോഷ പരിപാടിക്കു തുടക്കമിട്ടപ്പോള്‍ സംസ്ഥാനസര്‍ക്കാരും പരിപാടികളുമായി രംഗത്തിറങ്ങി.
ബോസിന്റെ ജന്മദിനാഘോഷത്തിനായി ബംഗാളിലെത്തിയ മോദിയെ പരിഹസിച്ച് മമത ബാനര്‍ജി പറഞ്ഞത് എന്തുകൊണ്ടാണ് ബോസിന്റെ ഒരു പ്രതിമ പോലും സ്ഥാപിക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് എന്നാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാണിക്കുന്ന ബോസ് പ്രണയത്തിനു പിന്നില്‍ വെറും കാപട്യമാണെന്നും മമത വ്യാഖ്യാനിക്കുന്നു.
ശനിയാഴ്ച കൊല്‍ക്കത്തയില്‍ മോദി പങ്കെടുത്ത ആഘോഷച്ചടങ്ങില്‍ ബി.ജെ.പിക്കാര്‍ ജയ്ശ്രീറാം വിളിച്ചതിനെതിരെ മമത വേദിയില്‍ പ്രതിഷേധമുയര്‍ത്തി. ഇത് രാഷ്ട്രീയ പരിപാടിയാക്കിയത് പ്രധാനമന്ത്രിയുടെ അന്തസ്സിന് ചേര്‍ന്നതല്ല എന്ന പറഞ്ഞ മമത വേദിയില്‍ പ്രസംഗിക്കാതെ പ്രതിഷേധിക്കുകയും ചെയ്തു.