കര്‍ഷകനിയമങ്ങള്‍ക്കെിതിരായ സമരത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയില്‍ നിന്നും ഭൂപിന്ദര്‍ സിങ് മന്‍ പിന്‍മാറി. താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പിന്‍മാറ്റം. തന്റെ പക്ഷം വിശദീകരിച്ച് പത്രക്കുറിപ്പും ഇറക്കി. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യത്തില്‍ ഒത്തുതീര്‍പ്പിന് താനില്ല എന്നാണ് കുറിപ്പില്‍ ഭൂപിന്ദര്‍ പറയുന്നത്. പഞ്ചാബിലെ കര്‍ഷകര്‍ക്കായി എന്തും ത്യജിക്കും. തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് സുപ്രീംകോടതിയോട് ഭൂപീന്ദര്‍ നന്ദി പറഞ്ഞു.
ഭാരതീയ കിസാന്‍ യൂണിയന്‍ ഭാരവാഹിയായ ഭൂപീന്ദര്‍ കര്‍ഷകനിയമത്തിനെ അനുകൂലിച്ച് കൃഷിമന്ത്രിക്ക് കത്തെഴുതിയ ആളായിരുന്നു. അതു കൊണ്ടു തന്നെ നിയമത്തെ അനുകൂലിക്കുന്നവരെ മാത്രമാണ് സുപ്രീംകോടതി നിയോഗിച്ചതെന്ന ശക്തമായ വിമര്‍ശനം ഉയരുകയും കര്‍ഷകസംഘടനകള്‍ ഈ സമിതിയെ തള്ളിക്കളയുകയും സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
കര്‍ഷക നേതാവായിരുന്നിട്ട് കര്‍ഷകര്‍ക്കെതിരായി സര്‍ക്കാരിനെ അനുകൂലിക്കുന്ന നയം സ്വീകരിക്കുന്നതില്‍ കടുത്ത വിമര്‍ശനം നേരിട്ടതോടെയാണ് ഭൂപീന്ദറിന്റെ പിന്‍മാറ്റം എന്നാണ് അറിയുന്നത്. പഞ്ചാബില്‍ താന്‍ ഒറ്റപ്പെടുമെന്ന ചിന്ത അദ്ദേഹത്തെ നയം മാറ്റത്തിന് നിര്‍ബന്ധിതനാക്കി.
ഭൂപീന്ദറിന്റെ പിന്‍മാറ്റത്തോടെ വിദഗ്ധ സമിതിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കയാണ്. അതൊരു സര്‍ക്കാര്‍ അനുകൂല സമിതി മാത്രമായി തീര്‍ന്നിരിക്കുന്നു.
നാളെ വീണ്ടും സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഉറച്ച നിലപാടിലാണ്.