മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാരിനെ താഴെയിറക്കി, കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി ബി.ജെ.പി.ക്ക് ഭരണക്കസേര നല്‍കിയ മുന്‍ കോണ്‍ഗ്രസ് പ്രമുഖന്‍ ജോതിരാദിത്യ സിന്ധ്യയെ പരമാവധി കാത്തു നിര്‍ത്തിയ ശേഷം രണ്ട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി.
22 എം.എല്‍.എ.മാരുമായാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്ക് പോയത്. അതോടെ കമല്‍നാഥിന്റെ സര്‍ക്കാര്‍ വീണു. ശിവ് രാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി. എന്നാല്‍ 22 എം.എല്‍.എ.മാരും അയോഗ്യരാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു വന്നു. ഒഴിവു വന്ന മറ്റ് ആറ് മണ്ഢലങ്ങളും ചേര്‍ത്ത് ഒക്ടോബര്‍ അവസാനം തിരഞ്ഞെടുപ്പ് നടന്നു. നവംബര്‍ പത്തിന് ഫലവും വന്നു. 28 മണ്ഡലങ്ങളില്‍ മൂന്നെണ്ണം ഒഴികെ എല്ലായിടത്തും കോണ്‍ഗ്രസ് തോറ്റു.
ജോതിരാദിത്യ സിന്ധ്യയോടൊപ്പമുള്ള എം.എല്‍.എ.മാരും അനുയായികളും മന്ത്രിസ്ഥാനങ്ങള്‍ക്കു വേണ്ടി കാത്തു നില്‍പായിരുന്നു മാസങ്ങളായിട്ട്. എന്നാല്‍ ബി.ജെ.പി. അവരെ തിണ്ണയില്‍ നിര്‍ത്തി. വാഗ്ദാനങ്ങള്‍ പാലിക്കാതെ ഉറപ്പൊന്നും പാലിക്കാതെയിരിക്കുന്ന ബി.ജെ.പി. നിലപാടില്‍ സിന്ധ്യ അസ്വസ്ഥനായിരുന്നു. മന്ത്രിസഭാ വികസനം നീണ്ടുപോകുന്നതിലും തങ്ങള്‍ക്ക് ചോദിച്ചത്ര മന്ത്രിസ്ഥാനങ്ങള്‍ കിട്ടാതെ പോകുന്നതിലും സിന്ധ്യ സ്വകാര്യമായി പ്രതിഷേധിച്ചു.
ഒടുവില്‍ ചോദിച്ച ആറ് മന്ത്രിസ്ഥാനങ്ങള്‍ക്കു പകരം രണ്ട് എണ്ണം നല്‍കാനും ജനുവരി മൂന്നിന് സത്യപ്രതിജ്ഞ നടത്താനും തീരുമാനിച്ചിരിക്കയാണ്. തുളസി ശിലാവത്, ഗോവിന്ദ് സിങ് രജ്പുത് എന്നീ സിന്ധ്യ അനുയായികള്‍ക്കാണ് മന്ത്രിസ്ഥാനം കിട്ടുക. ദേശീയ നേതൃത്വം അനുമതി നല്‍കാത്തതിനാലാണ് സിന്ധ്യയെ പരിഗണിക്കാന്‍ വൈകിയത് എന്നാണ് പറയുന്നത്. ബി.ജെ.പി. ദേശീയ നേതൃത്വം തന്നെ ഇത്രയും കാത്തു നിര്‍ത്തിച്ചതില്‍ അസ്വസ്ഥനായിരുന്നു ജോതിരാദിത്യ സിന്ധ്യ.